നിരത്തില്‍ ജീപ്പ് വിസ്മയം ! കോംപാസ് ബ്ലാക്ക് പാക്ക് ഉടന്‍ പുറത്തിറക്കും

ഇന്ത്യന്‍ എസ്‌യുവി പ്രേമികളുടെ മനം കവര്‍ന്ന മോഡലാണ് ജീപ്പ് കോംപാസ്. അടിക്കടി പ്രതാപം കൂടുന്നതല്ലാതെ ജീപ്പിന്റെ ജനപ്രീതിയില്‍ കോട്ടമൊന്നും കാര്യമായി തട്ടിയിട്ടില്ല. പ്രതിമാസ വില്‍പ്പനയിലും കമ്പനി പൂര്‍ണ്ണ തൃപ്തരാണ്. ഇന്ത്യന്‍ വിപണിയില്‍ ജീപ്പ് സൃഷ്ടിച്ച തരംഗം ഇപ്പോഴും തുടരുകയാണെന്നതിന്റെ തെളിവാണിതെന്നാണ് വിലയിരുത്തല്‍. മികച്ച സ്വീകാര്യത കണക്കിലെടുത്ത് കോംപാസിന്റെ ബ്ലാക്ക് പാക്ക് എഡിഷനും ജീപ്പ് ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം.

ബ്ലാക്ക് പാക്ക് എന്ന പേര് അന്വര്‍ത്ഥമാക്കും വിധം കറുപ്പ് നിറത്തിലുള്ള റൂഫ്, കറുത്ത മിററുകള്‍, കറുത്ത അലോയ് വീലുകള്‍, ഓള്‍ ബ്ലാക്ക് ലെതര്‍ ഇന്റീരിയര്‍ എന്നിവ വാഹനത്തിന്റെ സവിശേഷതയായിരിക്കും. എഞ്ചിനില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ലിമിറ്റഡ് എഡിഷന്‍ വേരിയന്റ് എന്ന നിലയിലാണോ അതോ നിലവിലെ വേരിയന്റുകളില്‍ പാക്കേജായാണോ ബ്ലാക്ക് പാക്ക് നല്‍കുന്നതെന്ന് വ്യക്തമല്ല. ഇന്ത്യയിലെ ഉത്സവ സീസണുകള്‍ക്ക് മുന്നോടിയായി കോംപാസ് ബ്ലാക്ക് പാക്ക് നിരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഈ വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

കോംപാസിന്റെ കുറേക്കൂടി ഉയര്‍ന്ന സ്പെക് വേരിയന്റ് വരുമെന്നും സൂചനയുണ്ട്. ലിമിറ്റഡ് പ്ലസ് എന്നായിരിക്കും പുതിയ വേരിന്റിന്റെ പേര്. സണ്‍റൂഫ്, ഡ്രൈവര്‍ക്കായി പവര്‍ സീറ്റ്, 8.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ലിമിറ്റഡ് പ്ലസ് വേരിയന്റില്‍ പ്രതീക്ഷിക്കുന്നു. ഇതും അടുത്ത മാസം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show More

Related Articles

Close
Close