‘സത്യമെന്ത്, പ്രചാരണമെന്ത്’; ജിഷ്ണു കേസില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് പത്രപ്പരസ്യം

ജിഷ്ണു കേസില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് പിആര്‍ഡിയുടെ പത്ര പരസ്യം. ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരെ പോലീസ് നടപടി ഉണ്ടായിട്ടില്ലെന്ന് ന്യായീകരിച്ചാണ് പരസ്യം. പ്രചരണമെന്ത്, സത്യമെന്ത് എന്ന തലക്കെട്ടില്‍ തയാറാക്കിയിരിക്കുന്ന പരസ്യത്തില്‍, പുറത്തു നിന്നുള്ള സംഘം ഡിജിപി ഓഫീസിനു മുന്നില്‍ സംര്‍ഷാവസ്ഥ സൃഷ്ടിച്ചുവെന്നും പൊലീസിന്റെ കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്നും വ്യക്തമാക്കിയിട്ടുണ്ട്. സത്യങ്ങള്‍ തമസ്‌കരിക്കുന്ന തരത്തിലുള്ള പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും പരസ്യത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ കൃത്യമായി നടപടികള്‍ എടുത്തു നീങ്ങുകയാണ് എന്നതാണ് സത്യമെന്നും എന്നാല്‍ സത്യങ്ങളാകെ തമസ്‌കരിക്കുന്ന പ്രചാരണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന് പരസ്യത്തില്‍ പറയുന്നു. നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും പരസ്യത്തിലുണ്ട്.

ജിഷ്ണുവിന്റെ അമ്മയെ പൊലീസ് നിലത്തിട്ട് വലിച്ചിഴച്ചു എന്ന തെറ്റിദ്ധാരണാജനകമായ പ്രചരണമാണ് ഒരു സംഘം അഴിച്ചു വിടുന്നത്. എന്നാല്‍ ഇങ്ങനൊന്നും നടന്നിട്ടില്ല. നടന്നതായുള്ള ഒരു ദൃശ്യവും ഒരു മാധ്യമവും പ്രസിദ്ധീകരിച്ചിട്ടില്ല.നിലത്തിരിക്കുന്ന അമ്മയെ പൊലീസുകാര്‍ കൈനീട്ടി എഴുന്നേല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ് മിക്ക ചാനലുകളും കാണിക്കുന്നത്. റേഞ്ച് ഐജി നടത്തിയ അന്വേഷണത്തിലും പൊലീസ് അതിക്രമത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പരസ്യം ന്യായീകരിക്കുന്നു.

Show More

Related Articles

Close
Close