സമരം സര്‍ക്കാരിനെതിരെയല്ല, പോലീസിനെതിരെ; ജിഷ്ണുവിന്റെ അമ്മ

തന്റെ സമരം സംസ്ഥാന സര്‍ക്കാരിനെതിരെയല്ലെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. കേരളത്തിലെ പൊലീസിനെതിരെയാണ് തന്റെ സമരം. ജിഷ്ണുവിന് നീതി ലഭിക്കും വരെ സമരം തുടരുമെന്നും മഹിജ വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ബന്ധുക്കള്‍ക്കൊപ്പം നിരാഹാരം ആരംഭിച്ചിരിക്കുകയാണ് മഹിജ.

ഇന്നലെ പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബത്തിനെതിരെയുണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്.

അതേസമയം പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ഐജി മനോജ് എബ്രഹാമിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പൊലീസ് ആരെയും മര്‍ദിക്കുകയോ തളളിയിടുകയോ ചെയ്തിട്ടില്ല. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സ്ഥലത്തുനിന്ന് മാറ്റാനാണ് പൊലീസ് ശ്രമിച്ചത്. ഈ സമയം ശ്രീജിത്തിന്റെ കാലില്‍ മഹിജ വട്ടമിട്ടുപിടിച്ചു. ഇതിനിടെ മഹിജ സ്വയം നിലത്തുവീഴുകയായിരുന്നു. അവര്‍ക്ക് മുകളിലേക്ക് മറ്റൊരുസ്ത്രീയും വീണു. രാവിലെ പത്തുമണി മുതല്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അദ്ദേഹത്തിന്റെ ഓഫിസില്‍ കാത്തിരിക്കുകയായിരുന്നുവെന്ന് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചിരുന്നു.

എന്നാല്‍ പ്രതിഷേധത്തിനെത്തിയ 16പേരെയും ഡിജിപിയെ കാണാന്‍ അനുവദിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇത്രയും പേരെ ഓഫിസിലേക്ക് കടത്തി വിടാനാകുമായിരുന്നില്ല. ഇതിനിടെ പുറത്തുനിന്നെത്തിയ ചിലരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നുമാണ് ഐജി മനോജ് എബ്രഹാം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരങ്ങള്‍.

ജിഷ്ണു പ്രണോയ് മരിച്ച് എണ്‍പത് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കുടുംബം ഏപ്രില്‍ ആറിന് നിരാഹാരസമരം നടത്താനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്. എന്നാല്‍ അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന് വ്യക്തമാക്കി പൊലീസ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരെ അതിക്രമം കാട്ടുകയായിരുന്നു.

ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. തനിക്ക് മര്‍ദനമേറ്റതായി ജിഷ്ണുവിന്റെ അമ്മ മഹിജയും അമ്മാവന്‍ ശ്രീജിത്തും ആരോപിച്ചിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നത്. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിയോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചിരുന്നു.

Show More

Related Articles

Close
Close