കൊട്ടാക്കമ്പൂര്‍ ഭൂമി: ജോയ്‌സ് ജോര്‍ജ് എംപിക്കു പൊലീസിന്റെ ക്ലീന്‍ ചിറ്റ്

കൊട്ടാക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ ജോയ്‌സ് ജോര്‍ജ് എംപിക്കു പൊലീസിന്റെ ക്ലീന്‍ ചിറ്റ്. ജോയ്‌സ് ജോര്‍ജിനു ഭൂമി ലഭിച്ചതു നിയമപരമായാണെന്നു മൂന്നാര്‍ ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കി. കൂടുതല്‍ രേഖകള്‍ കണ്ടെത്താനാകാത്തതിനാല്‍ അന്വേഷണം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് തൊടുപുഴ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

ഇടുക്കി വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ ജോയ്‌സ് ജോര്‍ജ് എംപിയുടെയും കുടുംബത്തിന്റെയും 28 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് കഴിഞ്ഞ നവംബര്‍ 11ന് സര്‍ക്കാര്‍ റദ്ദാക്കിയത്. വ്യാജ പട്ടയത്തിലൂടെ സര്‍ക്കാരിന്റെ തരിശുഭൂമി കയ്യേറിയതാണെന്നു ദേവികുളം സബ് കലക്ടര്‍ വി.ആര്‍.പ്രേംകുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു പട്ടയം റദ്ദാക്കിയത്. കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 58ല്‍ 32 ഏക്കര്‍ സ്ഥലമാണു ജോയ്‌സ് ജോര്‍ജിനും കുടുംബാംഗങ്ങള്‍ക്കുമുള്ളത്. ഇതില്‍ 28 ഏക്കറിന്റെ പട്ടയമാണു റദ്ദാക്കിയത്.

ജോയ്‌സ് ജോര്‍ജ്, ഭാര്യ അനൂപ, ജോയ്‌സിന്റെ സഹോദരങ്ങളായ ജോര്‍ജി ജോര്‍ജ്, രാജീവ് ജ്യോതിഷ്, സഹോദരി ഭര്‍ത്താവ് ഡേവിഡ് ജോബ്, മറ്റൊരു സഹോദരന്‍ ജസ്റ്റിന്റെ ഭാര്യ ജിസ്, മാതാവ് മേരി ജോര്‍ജ് എന്നിവര്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ പട്ടയങ്ങളാണു റദ്ദാക്കിയത്. ജോയ്‌സിനും ഭാര്യയ്ക്കും മാത്രമായി ഇതില്‍ എട്ട് ഏക്കറാണുള്ളത്.

കൊട്ടാക്കമ്പൂരില്‍ താമസിക്കുന്ന തമിഴ് വംശജരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുമായ മുരുകന്‍, ഗണേശന്‍, വീരമ്മാള്‍, പൂങ്കൊടി, ലക്ഷ്മി, ബാലന്‍, മാരിയമ്മാള്‍, കുമാരക്കള്‍ എന്നിവരില്‍ നിന്നു 2001ല്‍ ജോയ്സിന്റെ പിതാവ് ജോര്‍ജ് 32 ഏക്കര്‍ ഭൂമി പവര്‍ ഓഫ് അറ്റോര്‍ണിയിലൂടെ കൈവശപ്പെടുത്തിയെന്നു 2014ല്‍ ആണു കലക്ടര്‍ക്ക് ആദ്യം പരാതി ലഭിക്കുന്നത്.

Show More

Related Articles

Close
Close