അരുണാചല്‍ പ്രദേശ് ഗവര്‍ണറെ രാഷ്ട്രപതി പുറത്താക്കി

അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്‌ഖോവയെ രാഷ്ട്രപതി പുറത്താക്കി.

രാജ്ഖോവയെ ഭരണഘടനാപദവിയില്‍ നിന്നും ഒഴിവാക്കുന്നതായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണിലാണു അസം മുന്‍ ചീഫ് സെക്രട്ടറിയായ ജ്യോതിപ്രസാദ് രാജ്ഖോവയെ അരുണാചല്‍ പ്രദേശ് ഗവര്‍ണറായി നിയോഗിച്ചത്.

താന്‍ രാജി വയ്ക്കില്ലെന്നും വേണമെങ്കില്‍ രാഷ്ട്രപതി പുറത്താക്കട്ടെ എന്നും രാജ്‌ഖോവ നേരത്തെ പറഞ്ഞിരുന്നു.

ജനുവരിയിലാണു ഗവര്‍ണര്‍ വിവാദ നടപടിയിലൂടെ നബാം തുകിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ടത്.

ഗവര്‍ണറുടെ എല്ലാ ഉത്തരവുകളും ഭരണഘടനാ ലംഘനമെന്നു വിശേഷിപ്പിച്ച സുപ്രീം കോടതി നബാം തുകിയുടെ സര്‍ക്കാരിനെ ജൂലൈ 13ന് അധികാരത്തില്‍ പുനസ്ഥാപിക്കുകയായിരുന്നു.

മേഘാലയ ഗവര്‍ണര്‍ വി.ഷണ്‍മുഖനാഥന് അരുണാചല്‍ പ്രദേശിന്റെ അധിക ചുമതല കൂടി നല്‍കി.

സപ്തംബര്‍ ഏഴിന് രാജ്‌ഖോവയുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി ചര്‍ച്ച നടത്തിയിരുന്നു.

സുപ്രീം കോടതി അരുണാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുന:സ്ഥാപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് കേന്ദ്രം ഗവര്‍ണര്‍ രാജ്ഖോവയുടെ രാജി ആവശ്യപ്പെട്ടത്.

കേന്ദ്രസര്‍ക്കാരിന് രാജ്‌ഖോവയില്‍ വിശ്വാസം നഷ്ടപ്പെട്ടതായും ഇക്കാര്യത്തില്‍ ഇനി രാഷ്ട്രപതിയാണ് തീരുമാനമെടുക്കേണ്ടതെന്നും രാഷ്ട്രപതിയോട് രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു.

 

Show More

Related Articles

Close
Close