‘മലയാളത്തിലെ മഹാനടന്‍മാര്‍ പ്രഭാസിനെ മാതൃകയാക്കൂ’: പ്രളക്കെടുതി സംഭാവനയില്‍ പിശുക്ക് കാട്ടിയ നടന്‍മാര്‍ക്കെതിരെ കടകംപള്ളി സുരേന്ദ്രന്‍

തെലുങ്ക് നടന്‍ പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയതു മലയാളത്തിലെ മഹാനടന്‍മാര്‍ മാതൃകയാക്കണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു സിനിമയ്ക്കു മാത്രം മൂന്നും നാലും കോടി വാങ്ങുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ടെന്ന് കടകംപള്ളി പറഞ്ഞു. പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണവകുപ്പ് ആവിഷ്‌കരിച്ച കെയര്‍ കേരള പദ്ധതിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

സഹകരണ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയിലൂടെ ആയിരത്തി അഞ്ഞൂറ് വീടുകള്‍ നിര്‍മിച്ച് നല്‍കാനാണ് തീരുമാനം. 75 കോടിരൂപ സംഘങ്ങളില്‍ നിന്നും സമാഹരിച്ചേക്കും. മലയാള സിനിമാ താരങ്ങള്‍ ഒരു സിനിമയുടെ പ്രതിഫലം എങ്കിലും പ്രളയദുരിതാശ്വാസത്തിലേക്കായി നല്‍കണമെന്ന് മുതിര്‍ന്ന നടി ഷീലയും നേരത്തെ പറഞ്ഞിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നതിനു താരനിശ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

നാല് കോടിയുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്ന താരങ്ങള്‍ എന്തുനല്‍കിയെന്ന് ആലോചിക്കണമെന്ന് ഷീല പറഞ്ഞു. മറ്റ് ഭാഷയിലെ താരങ്ങള്‍ നല്‍കിയ തുകപോലും മലയാള സിനിമാ താരങ്ങള്‍ നല്‍കിയില്ല. ജനങ്ങള്‍ ടിക്കറ്റെടുക്കുന്ന കാശുകൊണ്ടാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് താരങ്ങള്‍ മനസിലാക്കണം. എല്ലാ താരങ്ങളും ചേര്‍ന്ന് താരനിശ നടത്തി അതില്‍നിന്നും ലഭിക്കുന്ന വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും ഷീല ആവശ്യപ്പെട്ടു

Show More

Related Articles

Close
Close