സുരക്ഷാ വീഴ്ച്ച പരിശോധിക്കണമെന്ന് കടകംപളളി; മന്ത്രിക്ക് മനോരോഗമെന്ന് കെ സുരേന്ദ്രൻ

കൊച്ചി മെട്രോ നാട മുറിക്കൽ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയിൽ ഇല്ലാത്ത കുമ്മനം കടന്നു കയറയിയത് അതീവ സുരക്ഷാ വീഴ്ച്ചയാണെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ. ഈ സുരക്ഷാ വീഴ്ച്ച പരിശോധിക്കണമെന്നും കടകംപളളി പറഞ്ഞു. അതേസമയം കടകംപളളിക്ക് മനോരോഗമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു കടകംപളളിയുടെ ആരോപണം. പട്ടികയിൽ ഇല്ലാത്ത ഒരാൾ കടന്നു കയറുന്നത് അതീവ സുരക്ഷാ വീഴ്ച്ചയാണ്. SPG അത് പരിശോധിക്കേണ്ടതാണ്. ഇതാദ്യമായല്ല പ്രധാനമന്ത്രി കേരളം സന്ദർശിക്കുന്നത്. അന്നൊന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല.

ബ്ലൂ ബുക്ക് പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങളും കർശനമായ പ്രോട്ടോക്കോൾ വ്യവസ്ഥകളും പാലിക്കപ്പെടേണ്ടതാണ്. അത് ലംഘിക്കുന്നവർ രാജ്യത്തെ ഭരണ സംവിധാനത്തെയാണ് അപമാനിക്കുന്നതെന്നും കടകംപളളി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

എന്നാൽ പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കാൻ എസ്. പി. ജിക്കറിയാം. അതിന് കടകംപള്ളി വേവലാതിപ്പെടേണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ പരിപാടിയിൽ ആരൊക്കെ പങ്കെടുക്കണം എന്നു തീരുമാനിക്കുന്നത് പി. എം. ഓ ആണ്. വിവരക്കേട് പറയുന്നതിന് ഒരതിരുണ്ട്.

മുഖ്യമന്ത്രിയോടൊപ്പം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിനെ ഇരുത്തി യാത്ര ചെയ്യുകമാത്രമല്ല പിആർഡി നൽകിയ പരസ്യത്തിൽ കൂടെ ഇരുത്തിയവരാണ് പ്രോട്ടോക്കോളിനെക്കുറിച്ച് പ്രസംഗിക്കുന്നത്. ഇത് ഒരു തരം മനോരോഗമാണ്. പണ്ട് മോദിയോട് കാണിച്ചത് ഇപ്പോൾ കുമ്മനത്തിനോട് കാണിക്കുന്നു എന്നു മാത്രം. കടകംപള്ളിയേക്കാൾ ഭേദം എം. എം മണിയാണെന്ന് തോന്നിപ്പോകുന്നുവെന്നും സുരേന്ദ്രൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ബിജെപി  സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്ര ചെയ്തത് പ്രധാനമന്ത്രിയുടെ അനുമതിയോടെയാണെന്ന് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് വ്യക്തമാക്കിയിരുന്നു.

 

Show More

Related Articles

Close
Close