സംസ്ഥാന അക്കാദമി ചെയര്‍മാനായി കമല്‍ ചുമതലയേറ്റു

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി സംവിധായകന്‍ കമല്‍ ചുമതലയേറ്റു. തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റാണ് കമല്‍.

നിലവില്‍ സംവിധായകന്‍ രാജീവ് നാഥാണ് ചെയര്‍മാന്‍. പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ രാജീവ് നാഥ് രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ പുതിയ ചെയര്‍മാന്‍ സ്ഥാനമേല്‍ക്കുന്നത് വരെ പദവിയില്‍ തുടരാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് ആദ്യഘട്ടത്തില്‍ പ്രിയദര്‍ശനായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. പ്രിയദര്‍ശന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് രാജീവ് നാഥിനെ നിയമിച്ചത്.

ബുധനാഴ്ച സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ ചുമതലയേറ്റിരുന്നു. ഡിസംബര്‍ ആദ്യവാരത്തോടെ ആരംഭിക്കേണ്ട 21ാമത് രാജ്യാന്തര ചലച്ചിത്രമേളക്കുള്ള ഒരുക്കം ജൂലൈ അവസാനവാരത്തോടെ ആരംഭിക്കേണ്ടതിനാല്‍ വേഗത്തിലായിരുന്നു നടപടികള്‍.

Show More

Related Articles

Close
Close