കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി

mapkannur

പാപ്പിനിശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍കയറി വെട്ടിക്കൊന്നു. അരോളി ആസാദ് നഗര്‍ കോളനിയിലെ പരക്കോത്ത് വളപ്പില്‍ സുജിത് (27) ആണ് കൊല്ലപ്പെട്ടത്. ആക്രമണം തടയാനെത്തിയ മാതാപിതാക്കൾക്കും സഹോദരനും വെട്ടേറ്റിട്ടുണ്ട്. ആക്രമണത്തിൽ പ്രതികളെന്ന് സംശയിക്കുന്ന എട്ട് സി.പി.എം പ്രവർത്തകരെ വളപട്ടണം എസ്.ഐ കസ്റ്റഡിയിലെടുത്തു.

പാപ്പിനിശ്ശേരി മണ്ഡലം ആർ.എസ്.എസ് മുൻകാര്യവാഹക് ആണ് കൊല്ലപ്പെട്ട സുജിത്. കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലും കല്യാശേരി അടക്കമുള്ള പഞ്ചായത്തുകളിലും ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുകയാണ്.

നേരത്ത ഫയാസ് എന്ന സി.പി.എം പ്രവർത്തകനെ ഒരു സംഘം മർദ്ദിച്ചിരുന്നു. ഇതേതുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വളപട്ടണം, പാപ്പിനിശേരി, അരോളി മേഖലകളിൽ എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

തിങ്കളാഴ്ച രാത്രി 11 മണിയോടെ 10 പേരടങ്ങുന്ന സംഘം വീട്ടില്‍കയറി വെട്ടിയും വടികൊണ്ട് അടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ആശുപത്രിയിലേക്ക് മാറ്റും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close