Trending

ഇന്ന് കര്‍ക്കടം ഒന്ന്. രാമായണ പുണ്യമാസത്തിന് തുടക്കം

വീടുകളില്‍ ഭദ്ര ദീപത്തിന് മുന്നില്‍ ഐശ്വര്യത്തിന്റെ പ്രതീകമായ അഷ്ടമംഗല്യവും രാമായണവും വെച്ച് രാമായണമാസാചരണത്തിന് പ്രാരംഭം കുറിക്കുന്നു. ക്ഷേത്രങ്ങളിലും പ്രത്യേക പരിപാടികളുണ്ട്. കര്‍ക്കടക മാസത്തില്‍ രാമായണം പകുത്ത് വായിക്കാറില്ല. രാമായണമാസം തീരുംമുമ്പ് ഭക്ത്യാദര പൂര്‍വ്വം മുഴുവനായും പാരായണം ചെയ്യണമെന്നാണ് പ്രമാണം.

രാമായണ പാരായണം കൊണ്ട് രാ മായണം (ഇല്ലാതാകണം) എന്നാണ് പറയുന്നത്. രാ എന്ന അക്ഷരത്തിന് മായ എന്നും തമസ്സ് എന്നും അര്‍ത്ഥമുണ്ട്. മായയില്‍ നിന്നും അജ്ഞാനത്തില്‍ നിന്നും മോചനം നേടാന്‍ രാമായണം കൊണ്ടാകുമെന്ന് മഹദ് വ്യക്തികള്‍ പറയുന്നു. രാമ കഥാ ശ്രവണം മാത്രമല്ല, ചിന്തനം,മനനം, കഥനം എല്ലാം തന്നെ മുക്തി പ്രദമാണെന്നും, രാമ കഥ കേള്‍ക്കുന്നവനും കേള്‍പ്പിക്കുന്നവനും ഒരുപോലെ പുണ്യം ലഭിക്കുമെന്നും ഋഷി വര്യന്‍മാര്‍ ഉദ്ബോധിപ്പിക്കുന്നു.

കാവ്യ രൂപത്തിലുടലെടുത്ത ആദ്യ കൃതിയാണ് രാമായണം. അതുകൊണ്ട് തന്നെ ഇത് ആദ്യ കാവ്യമെന്നും വാല്‍മീകി ആദി കവിയെന്നും അറിയപ്പെട്ടു. വേദോപനിഷത്തുകളിലെ ധര്‍മ്മ തത്വങ്ങള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമാകും വിധത്തിലാണ് രാമായണ രചന. ഗുണവാനും, വീര്യവാനും, ധര്‍മ്മജ്ഞനും, ഗുണജ്ഞനും, സത്യവാനുമായുള്ളവനാരെന്ന വാല്‍മീകിയുടെ ചോദ്യത്തിന് നാരദന്‍ ശ്രീരാമനെന്ന് മറുപടി നല്‍കുകയും ആ രാമന്റെ അയനം (യാത്ര) രാമായണമായി അവതരിപ്പിക്കുകയും ചെയ്യുകയായിരുന്നുവത്രേ. അനുഷ്ടുപ്പ് വൃത്തത്തിലെഴുതിയ രാമായണത്തില്‍ ഏഴ് കാണ്ഡവും അഞ്ഞൂറ് സര്‍ഗവും ഇരുപത്തിനാലായിരം ശ്ളോകവുമുണ്ട്.

കണ്ണശന്‍മാര്‍ അഥവാ നിരണം കവികള്‍ എന്ന് അറിയപ്പെടുന്നവരില്‍ ഒരാളായ രാമപ്പണിക്കരുടെ കണ്ണശ രാമായണം, കോട്ടയത്ത് കേരളവര്‍മ്മരാജ രചിച്ച പാതാള രാമായണം, വിശ്വ സാഹിത്യത്തിലെ സമുന്നതമായ കാവ്യ ശില്‍പ്പമായ തുളസീദാസ രാമായണം, തമിഴ് കവി കമ്പര്‍ രചിച്ച കമ്പ രാമായണം എന്നിങ്ങനെ പലമഹാന്‍മാരും വാല്മീകി രാമായണത്തിനെ അവലംബിച്ച് രാമായണമെഴുതി.

എന്നാല്‍ തുഞ്ചത്തെഴുത്തഛനെ പോലെ മലയാളികള്‍ക്ക് ആരാധ്യനായ കവിയൊ, രാമായണം കിളിപ്പാട്ട് പോലെ പ്രചാരം നേടിയ സാഹിത്യ കൃതിയൊ മലയാളത്തിലുണ്ടായിട്ടില്ലെന്ന് പറയാം.

Show More

Related Articles

Close
Close