ഭാര്യയുടെ തലയറുത്ത് ബാഗിലാക്കി; 20 കിലോമീറ്റര്‍ ബൈക്കോടിച്ച് യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

ഭാര്യയെ കൊന്ന ശേഷം തല ബാഗിലാക്കി 20 കിലോമീറ്റര്‍ ബൈക്കോടിച്ചു യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കര്‍ണാടകയിലെ ചിക്മംഗലൂരുവിലാണ് അതിദാരുണമായ സംഭവം. സതീഷ് ആണ് സ്റ്റേഷനില്‍ ഭാര്യ രൂപയുടെ തലയുമായി കീഴടങ്ങിയത്. ഇന്നലെ വൈകുന്നേരം പൊലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന സതീഷ് കൈവശമുണ്ടായിരുന്ന കറുത്ത ബാഗില്‍ നിന്നു രൂപയുടെ തല, മുടിയില്‍ പിടിച്ച് പുറത്തെടുത്ത് പൊലീസുകാരെ കാണിക്കുകയായിരുന്നു. തുടര്‍ന്ന് കുറ്റം ഏറ്റുപറഞ്ഞ് കൊലപാതക കാരണം പൊലീസിന് വിവരിച്ചു കൊടുത്തു.

ഒമ്പതു വര്‍ഷം മുമ്പ ണ് സതീഷും രൂപയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. സമീപവാസിയായ ഒരു യുവാവുമായി രൂപ പ്രണയത്തിലായിരുന്നെന്ന വിവരം ഈയടുത്താണ് സതീഷ് അറിഞ്ഞത്. ഇതോടെ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ഭാര്യയോട് കയര്‍ത്തു സംസാരിച്ചെങ്കിലും ഇനി ഈ ബന്ധം തുടരരുതെന്ന് മുന്നറിയിപ്പ് നല്‍കി സതീഷ് ക്ഷമിക്കാന്‍ തയ്യാറായി.

എന്നാല്‍ രൂപ കാമുകനുമായി രഹസ്യകൂടിക്കാഴ്ചകള്‍ തുടര്‍ന്നു. കഴിഞ്ഞ ഞായറാഴ്ച ബംഗളൂരുവില്‍ നിന്നു വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയില്‍ രൂപയെയും കാമുകനെയും സതീഷ് കാണാനിടയായി. തുടര്‍ന്ന് ഇരുവരെയും സതീഷ് വാള്‍ കൊണ്ട് ആക്രമിച്ചു. കാമുകന് പരിക്കേറ്റെങ്കിലും ഓടി രക്ഷപ്പെട്ടു. രൂപയെ പിടികൂടി സതീഷ് കഴുത്തറുത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ലാതെയാണ് സതീഷ് കൊലപാതക വിവരം പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുടെ കാമുകനെ കൂടി കൊലപ്പെടുത്താന്‍ സാധിക്കാത്തതിന്റെ നീരസമായിരുന്നു സതീഷിനെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിനു കേസെടുത്തു. കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ സതീഷ് വിവരിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്.

Show More

Related Articles

Close
Close