നോട്ട് അസാധുവാക്കിയശേഷം കശ്മീരിൽ കല്ലേറുണ്ടായിട്ടില്ല: പ്രതിരോധ മന്ത്രി

നോട്ട് റദ്ദാക്കിയ നടപടി ഭീകരപ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായം തകര്‍ത്തുവെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.മുംബൈയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവേയാണ് മനോഹര്‍ പരീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഭീകരര്‍ക്കുള്ള സാമ്പത്തികത്തിന്റെ മര്‍മ്മഭാഗമാണ് തകര്‍ക്കപ്പെട്ടത്. ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കശ്മീരിലും സ്ഥിതി ഗതികള്‍ ശാന്തമായിട്ടുണ്ടെന്നും സൈന്യത്തിന് നേരെ കല്ലേറുണ്ടായിട്ടില്ലെന്ന് പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുന്നവര്‍ക്ക് 500 രൂപയും, മറ്റു അതിക്രമങ്ങള്‍ ചെയ്യുന്നവര്‍ക്ക് 1000 രൂപയും ഭീകരര്‍ നല്‍കിയിരുന്നു. എന്നാല്‍ നോട്ട് അസാധുവാക്കി പ്രഖ്യാപനം വന്നതോടു കൂടി ഭീകരരുടെ ഫണ്ടിംഗ് അവസാനിച്ചിരിക്കുകയാണ്.

വിഷയം അതിര്‍ത്തിരക്ഷയോ സാമ്പത്തിക സുരക്ഷയോ ആയിക്കോട്ടെ കടുത്ത തീരുമാനങ്ങളാണ് പ്രധാനമന്ത്രി എപ്പോഴും എടുത്തിരുന്നത്. അതിര്‍ത്തിയില്‍ എന്ത് നടന്നാലും അതെല്ലാം നടപ്പാക്കിയിരിക്കുന്നത് ജവാന്‍മാരാണ്. അവരെ പിന്തുണയ്ക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്യുന്നത്- പരീക്കര്‍ പറഞ്ഞു.

നോട്ട് പിന്‍വലിച്ചതിലൂടെ കള്ളപ്പണവും അഴിമതിയും തടയുക മാത്രമല്ല, ഭീകരവാദത്തിനുള്ള പണമൊഴുക്കു തടയാന്‍ കൂടിയാണ് ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്. പ്രധാനമന്ത്രിയുടെ ധനകാര്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കശ്മീരിലെ വിഘടനവാദത്തിന്റെയും അക്രമത്തിന്റെയും ശവപ്പെട്ടികളിലെ അവസാന ആണിയാണെന്ന് തിങ്കളാഴ്ച ബിജെപി പറഞ്ഞിരുന്നു.

 

Show More

Related Articles

Close
Close