മന്ത്രി കെ.സി. ജോസഫിനെതിരെ കോടതിയലക്ഷ്യ കേസ്

kcഹൈക്കോടതി ജഡ്ജിയെ നീലച്ചായത്തിൽ വീണ കുറുക്കനെന്ന് ആക്ഷേപിച്ചതിന് സാംസ്കാരിക മന്ത്രി കെ.സി. ജോസഫിനെതിരെ ഹൈക്കോടതി ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിച്ചു.
16ന് വൈകിട്ട് 3.30ന് മന്ത്രി നേരിട്ട് ഹൈക്കോടതിയിൽ ഹാജരായി കുറ്റാരോപണങ്ങൾക്ക് മറുപടി നൽകണമെന്ന് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്‌ണൻ, ജസ്റ്റിസ് സുനിൽ തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ഇക്കഴിഞ്ഞ ജൂണിലാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നീലച്ചായത്തിൽ വീണ കുറുക്കനെന്ന് വിശേഷിപ്പിച്ച് മന്ത്രി ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. ഇതിനെതിരെ വി. ശിവൻകുട്ടി എം.എൽ.എ നൽകിയ പരാതിയാണ് ഹൈക്കോടതി പരിഗണിച്ചത്. ജുഡിഷ്യറിയെയും ഹൈക്കോടതി ജഡ്ജിയെയും കളങ്കപ്പെടുത്താൻ മന്ത്രി കെ.സി. ജോസഫ് ശ്രമിച്ചുവെന്ന പരാതിക്കാരന്റെ വാദത്തിൽ കഴമ്പുണ്ടെന്നും കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ മതിയായ കേസാണെന്ന് തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞുവെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
2015 ജൂൺ 23ന് ഒരു ഹർജി പരിഗണിക്കവെ ജസ്റ്റിസ് അലക്സാണ്ടർ തോമസ്, എ.ജിയുടെ ഓഫീസ് കാര്യക്ഷമമല്ലെന്നും ബാറുടമകൾക്കു വേണ്ടി സുപ്രീംകോടതിയിൽ അറ്റോർണി ജനറൽ മുകുൾ റോഹ്‌ത്തഗി ഹാജരായതിനെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് അർഹതയില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. എ.ജിയുടെ ഓഫീസ് കാര്യക്ഷമമല്ലെങ്കിൽ ഉടച്ചു വാർക്കുന്നതാണ് നല്ലതെന്ന് ജഡ്ജി അഭിപ്രായപ്പെട്ടിരുന്നു. പിറ്റേന്നാണ് ജഡ്ജിക്കെതിരെ നീലച്ചായത്തിൽ വീണ കുറുക്കൻ എന്ന പരാമർശത്തോടെ മന്ത്രി കെ.സി. ജോസഫ് ഫേസ് ബുക്കിൽ അഭിപ്രായം പോസ്റ്റ് ചെയ്തത്. ഇതിന്മേൽ കോടതിയലക്ഷ്യ നടപടിക്ക് ജൂലായ് 31ന് ശിവൻകുട്ടി ഹൈക്കോടതിയെ സമീപിച്ചപ്പോൾ അഡ്വക്കേറ്റ് ജനറലിന്റെ അനുമതിക്ക് അപേക്ഷ നൽകാൻ നിർദ്ദേശം നൽകി. സെപ്തംബർ മൂന്നിന് ശിവൻകുട്ടി അപേക്ഷ സമർപ്പിച്ചു.
കഴിഞ്ഞ ദിവസം ശിവൻകുട്ടിയുടെ അപേക്ഷയിൽ എന്തു നടപടിയെടുത്തുവെന്ന് ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. 2015 സെപ്തംബർ 29 മുതൽ ജനുവരി 21 വരെ നാലു തവണ അപേക്ഷ പരിഗണിച്ചെന്നും പരാതിക്കാരനോ അഭിഭാഷകനോ ഹാജരായില്ലെന്നും എ.ജിയുടെ ഓഫീസ് മറുപടി നൽകി. അനാവശ്യമായ കോടതിയലക്ഷ്യക്കേസുകൾ ഒഴിവാക്കാനാണ് എ.ജിയുടെ അനുമതി വേണമെന്ന വ്യവസ്ഥ ഏർപ്പെടുത്തിയതെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് അനുമതിയുടെ കാര്യത്തിൽ എന്താണ് തീരുമാനമെന്ന് ഇന്നലെ വൈകിട്ട് നാലിന് വ്യക്തമാക്കണമെന്ന് നിർദ്ദേശിച്ചു. മന്ത്രി കെ.സി. ജോസഫ് സത്യവാങ്മൂലം സമർപ്പിച്ചുവെന്നും തീരുമാനമെടുക്കാൻ ഫെബ്രുവരി എട്ടിലേക്ക് മാറ്റിയെന്നും സർക്കാർ വിശദീകരണം നൽകി. മറുപടി തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് നേരിട്ട് കോടതിയലക്ഷ്യ നടപടികൾ തുടങ്ങിയത്.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close