പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് നാളെ

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ. ഇടക്കാല ബജറ്റിന് അപ്പുറത്തേക്കുള്ള പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ ഊന്നിയതാകും ബജറ്റ്.ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടവും മാന്ദ്യവിരുദ്ധ പാക്കേജും അടിസ്ഥാനസൗകര്യമേഖലയിലെ നിക്ഷേപത്തിനുള്ള കമ്പനിയുമെല്ലാം ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.

ഭൂമിയേറ്റെടുക്കുന്നതിന് കമ്പനി രൂപീകരിച്ച് ബോണ്ടിറക്കാനും പദ്ധതിയുണ്ട്. ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടത്തെപറ്റിയുള്ള പ്രഖ്യാപനവും ബജറ്റില്‍ പ്രതീക്ഷിക്കാം. ഒപ്പം ചില സവിശേഷ പദ്ധതികളും. സര്‍ക്കാര്‍ സേവനം ജനങ്ങളിലേക്കെത്തിക്കാന്‍ കുടുംബശ്രീയെ പ്രയോജനപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിക്കുന്നതും കുടുംബശ്രീവഴിയാകും. സാധാരണക്കാര്‍ക്കുമേല്‍ അധികനികുതിഭാരം അടിച്ചേല്‍പിക്കില്ലെങ്കിലും വ്യവസായമേഖലയില്‍ ചില നികുതി നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കാം. ട്രഷറിയുടെ പ്രാധാന്യം വര്‍ധിപ്പിക്കാനുതകുന്ന നിര്‍ദേശങ്ങള്‍ക്കും സാധ്യതയുണ്ട്

ചെലവുചുരുക്കലിനുപകരം വരുമാനവര്‍ധനയില്‍ ഊന്നി മൂന്ന് വര്‍ഷം കൊണ്ട് സാമ്പത്തികപ്രശ്‌നങ്ങളെ മറികടക്കാനാണ് ധനമന്ത്രി ഉദ്ദേശിക്കുന്നത്. എന്നാല്‍ അത്രയും കാലം വികസനപദ്ധതികള്‍ വേണ്ടെന്ന് വയ്ക്കാനാവില്ല. ആദ്യവര്‍ഷം മുതല്‍ വികസനം ടോപ്ഗിയറിലായിരിക്കുമെന്ന് ധനമന്ത്രി തന്നെ പറയുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് താന്‍ കൊണ്ടുവന്ന മാന്ദ്യവിരുദ്ധപാക്കേജിന്റെ രണ്ടാംഘട്ടം തോമസ് ഐസക് ഈ ബജറ്റില്‍ പ്രഖ്യാപിക്കും. ബജറ്റില്‍ ഇതിനുള്ള തുക കണ്ടെത്താന്‍ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് പ്രത്യേകം കമ്പനി രൂപീകരിക്കുന്നത്. നാളെ അവതരിപ്പിക്കാന്‍പോകുന്നത് തോമസ് ഐസകിന്റെ ഏഴാമത്തെ ബജറ്റാണ്.

Show More

Related Articles

Close
Close