സ്വകാര്യ ബസ് സമരം നേരിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍; ബസ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കും

നാലു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം നേരിടാന്‍ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നു. ഇതിന്റെ ഭാഗമായി ബസ് ഉടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടിയാവും നോട്ടീസ് നല്‍കുക. മറുപടി തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കല്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോവാനാണ് സര്‍ക്കാര്‍ നീക്കം.

സമരത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ച് സര്‍വീസ് നടത്താതിരിക്കുന്നത് അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതു സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്കാവും ആദ്യം നിര്‍ദേശം നല്‍കുക. ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി അതത് സ്ഥലത്തെ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ബസുടമകള്‍ക്ക് നോട്ടീസ് നല്‍കും.സ്വകാര്യ ബസ് സമരം നാല് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ബസ്സുടമകള്‍ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയിട്ടും വീണ്ടും സമരവുമായി മുന്നോട്ട് പോവുന്ന ബസുടമകളുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുടമകള്‍ ഇപ്പോള്‍ സമരം തുടരുന്നത്. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി ഇന്നലെ കോഴിക്കോട് നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

Show More

Related Articles

Close
Close