കേരളത്തിലെ കാലഹരണപ്പെട്ട ഡ്രൈവിങ് ലൈസൻസ്

“എന്തോരു കോലമാടേ ഇത്, ഇതിലെന്താണെന്നറിയണമെങ്കിൽ ഫോറൻസിക്കുകാരെ കൊണ്ടുവരണമല്ലോ”

കഴിഞ്ഞാഴ്ച ഒരിടത്ത് വാഹനപരിശോധന നടത്തിക്കൊണ്ടിരുന്ന മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരിൽ ഒരാൾ ഒരു പയ്യന്റെ ഡ്രൈവിങ് ലൈസൻസ് പരിശോധിച്ചപ്പോൾ പറഞ്ഞതാണ്.

സത്യത്തിൽ 2 വർഷം മാത്രം പഴക്കമുള്ള ജെന്യുവിൻ ലൈസൻസുതന്നെയായിരുന്നു അത്. പക്ഷേ അതിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. പക്ഷേ ഇതിന് ലൈസൻസ് ഹോൾഡറെ കുറ്റം പറഞ്ഞിട്ടുകാര്യമുണ്ടോ?

ഇവിടെ ലൈസൻസിന് അപേക്ഷിച്ച് ഗവണ്മെന്റ് നിർദ്ദേശിച്ചിരിക്കുന്ന ലേണേഴ്സ് ഫീ 30 രൂപ, ഡ്രൈവിങ് ടെസ്റ്റ് ഫീ 50 രൂപാ, ഡ്രൈവിങ് ലൈസൻസ് ഫീ 200 രൂപാ എന്നിവയടച്ച ഒരാൾക്ക് ടെസ്റ്റ് പാസായിക്കിട്ടുന്ന ലൈസൻസ് നൽകുന്നത് മോട്ടോർ വാഹന വകുപ്പാണ്. റ്റു ക്ലാസ് ലൈസൻസാണെങ്കിൽ 410 രൂപാ സർക്കാരിലടയ്ക്കണം.

ഇതിന്റെ എത്രയോ ഇരട്ടി തുകയാണ് ഡ്രൈവിങ്സ്കൂളുകാർ ആവശ്യക്കാരിൽ നിന്ന് കൊള്ളയടിക്കുന്നത്! എന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും വൃത്തികെട്ട ലൈസൻസാണ് കേരളത്തിലേത്.

ഇങ്ക്ജെറ്റ് പ്രിന്റിലും മോശം നിലവാരമുള്ള, മിക്കപ്പോഴും ഏങ്കോണിച്ചു നിൽക്കുന്ന, അരികുകൾ കൃത്യവും വൃത്തിയുമായി മുറിക്കുകപോലും ചെയ്യാത്ത, വ്യക്തിവിവരങ്ങൾ അടങ്ങിയ രണ്ടുപേപ്പറുകൾ കൂട്ടിയൊട്ടിച്ചാണ് ഇതിങ്ങോട്ടു തരുന്നത്. അതിലും വൃത്തികേടാണ് ശ്രദ്ധയില്ലാതെ ചെയ്യുന്ന അതിന്റെ ലാമിനേഷൻ. ഒരാഴ്ച കഴിയുമ്പോൾ തന്നെ അതിന്റെ അരികുകൾ ഇളകുകയും ഏതുസമയവും പോക്കറ്റിൽ കാണേണ്ട ഈ സാധനം മഴയും മറ്റും മൂലം വെള്ളമിറങ്ങി MVI യുടെ ഒപ്പു സഹിതം പടരുകയും ചെയ്യുന്നു. സദാ കൈകാര്യം ചെയ്യേണ്ടതിനാൽ പെട്ടെന്ന് ചുളിയുകയും മുഷിയുകയും ചെയ്യുക സ്വാഭാവികം. ഇതിന് ഉപഭോക്താക്കളെ കുറ്റം പറഞ്ഞിട്ട് എന്താണു കാര്യം. ഇത്രയും പരിഷ്കൃതമായ ഈ നാട്ടിൽ ആളുകൾക്ക് ഏറ്റവും ആവശ്യമുള്ള ഡ്രൈവിങ് ലൈസൻസ് നിലവാരമില്ലാത്ത രീതിയിൽ തയ്യാർ ചെയ്യപ്പെടുന്നതിൽ ആർക്കും പരാതിയുമില്ല, പരിഭവവുമില്ല! അതാണു നമ്മൾ..!!!

നമ്മുടെ അംഗീകൃത തിരിച്ചറിയൽ കാർഡുകൂടിയാണ് ഒരു ഡ്രൈവിങ് ലൈസൻസ്. രാജ്യത്ത് നിലവിൽ ഉള്ളതിൽ 30% വ്യാജ ലൈസൻസുകളാണെന്നാണ് കണക്കുകൾ. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കാത്ത വ്യാജ കാർഡുകൾ അനേകമാളുകൾ ദുരുപയോഗം ചെയ്യുന്നുണ്ട്. എന്നിട്ടും നമ്മുടെ ലൈസൻസ് പരിഷ്കരിക്കാൻ സർക്കാർ ഇതുവരെ ശ്രമിച്ചിട്ടില്ല എന്നത് ദുഃഖകരമാണ്.

പല സ്റ്റേറ്റുകളിലും ഇതിനോടകം തന്നെ സ്മാർട്ട് കാർഡുകൾ ആയിക്കഴിഞ്ഞു. ലൈസൻസ് ഹൊൾഡറുടെ പൂർണ്ണമായ വിവരങ്ങൾ ഉള്ളടക്കം ചെയ്ത ചിപ്പുകളാണ് അതിൽ ഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇത് റീഡ് ചെയ്യാനുള്ള ഉപകരണം മോട്ടോർ വാഹന വകുപ്പിന്റെ കയ്യിലുണ്ടാകും. പിടിച്ചിരിക്കുന്നത് യഥാർത്ഥമോ വ്യാജമോ എന്ന് ഉടൻ തിരിച്ചറിയാൻ കഴിയും. മാത്രമല്ല വ്യക്തിയുടെ യഥാർത്ഥ വിലാസമടക്കമുള്ള വിവരങ്ങളും ഹിസ്റ്ററിയും ലഭ്യമാകും. ആകെയുള്ളത് മറുവശത്തെ ഒരു ഹോളോഗ്രാമാണ്. ഒരു ഹോളോഗ്രാമുണ്ടാക്കാനാണോ നാട്ടിൽ പാട്!

ഓരോ നാട്ടിലേയും ഡ്രൈവിങ് ലൈസൻസ് പോക്കറ്റിൽ ഇരിക്കുന്നതു തന്നെ ഒരഭിമാനമായി അവർ കരുതുമ്പോൾ നമ്മൾ ജോലി കഴിഞ്ഞ് വീട്ടിലെത്തി പോക്കറ്റിൽ നിന്ന് ഈ ‘കൂറ’ ലൈസൻസ് എടുത്ത് നിലത്തടിക്കുകയാണ് പതിവ്!

കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഏകീകൃത ഡ്രൈവിങ് ലൈസൻസ് തട്ടിൻപുറത്ത് ഇരിക്കുന്നതേയുള്ളൂ! വിദേശരാജ്യങ്ങളിലെ വാഹന പരിശോധകർക്ക് നമ്മുടെ ലൈസൻസ് കാണുന്നതു തന്നെ ഒരു പുച്ഛവും തമാശയുമാണ്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളുടെ ലൈസൻസുകൾ പോലും ഒരു പാസ്പോർട്ടിനേക്കാൾ നിലവാരവും ഭംഗിയുമുള്ളതാണ്.

നമ്മുടെ നാട്ടിൽ 100 ഓ 200 ഓ രൂപ കൂടുതൽ വാങ്ങിയെങ്കിലും നല്ലൊരു സ്മാർട്ട് ഡ്രൈവിങ് ലൈസൻസ് ഏർപ്പെടുത്തരുതോ? അതിനെന്താണിവിടെ തടസ്സം? ആരാണ് എതിരുനിൽക്കുക?

ഇനിയെങ്കിലും മറ്റുള്ളവരുടെ മുന്നിൽ കേരള ഡ്രൈവിങ് ലൈസൻസുള്ളവർ നാണം കെടുന്ന പതിവിന് ഒരു മാറ്റമുണ്ടാകണമെന്ന ആഗ്രഹത്തോടെ, കേരളത്തിലെ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുന്നു…

ലേഖകന്‍ : ജി നിശീകാന്ത്

‪#‎KeralaDrivingLicence‬ ‪#‎MotorVehicleDepartment‬

Show More

Related Articles

Close
Close