പൊള്ളയായ അവകാശവാദങ്ങളും അനാവശ്യമായ കേന്ദ്രവിരോധവും കുത്തിനിറച്ചതാണ് നയപ്രഖ്യാപന പ്രസംഗമെന്ന് കുമ്മനം

പൊള്ളയായ അവകാശവാദങ്ങളും അനാവശ്യമായ കേന്ദ്രവിരോധവും കുത്തിനിറച്ചതാണ് നയപ്രഖ്യാപന പ്രസംഗമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.

ന്യായാധിപന്‍കൂടിയായ ഗവര്‍ണര്‍ പി. സദാശിവത്തെകൊണ്ട് നുണ പറയിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം അപലപനീയമാണ്. ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കി എന്ന് ആരോപിച്ച് ചിലര്‍ വലിയ അപരാധമായി കൊട്ടിഘോഷിക്കുകയാണ്. സര്‍ക്കാര്‍ തയ്യാറാക്കുന്ന പ്രസംഗങ്ങളില്‍ ചിലത് ഒഴിവാക്കുന്നത് പുതിയ കാര്യമല്ല. പ്രസംഗം വായിച്ചതായി കണക്കാക്കണമെന്ന് പറഞ്ഞ് മേശപ്പുറത്ത് വച്ച ചരിത്രവുമുണ്ട്.

കേരളത്തിലെ ഇടതുമുന്നണിയുടെ 20 മാസത്തെ ഭരണം ജനങ്ങള്‍ക്ക് സംതൃപ്തിയും സമാധാനവും നല്‍കിയെന്ന വാദം അസംബന്ധമാണ്. അഴിമതിയും കെടുകാര്യസ്ഥതയും കൂട്ടുത്തരവാദിത്തമില്ലായ്മയുമാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ മുഖമുദ്ര. എന്നിട്ടും മികവിന്റെ കാലഘട്ടമെന്നവാദം പുച്ഛത്തോടെയാണ് ജനങ്ങള്‍ കേട്ടത്.

ജിഎസ്ടിക്കെതിരായ ഒളിയമ്പും ആക്ഷേപങ്ങളും കഥയറിയാതെ ആട്ടം കാണുന്നതിന് സമമാണ്. കേരളംകൂടി ഉള്‍പ്പെട്ട കൗണ്‍സിലാണ് ഏതൊക്കെ രീതിയിലാണ് ജിഎസ്ടി നടപ്പാക്കേണ്ടതെന്ന് നിശ്ചയിക്കുന്നത്. ജിഎസ്ടി ജനങ്ങള്‍ക്ക് വലിയ നേട്ടമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധരെല്ലാം വിലയിരുത്തുന്നു. അത് ഭംഗിയായി നടപ്പാക്കാന്‍ ശ്രമിക്കുന്നതിനുപകരം ഇടങ്കോലിടാനുള്ള ശ്രമം അപലപനീയമാണെന്നും കുമ്മനം പ്രസ്താവനയിൽ പറഞ്ഞു.

Show More

Related Articles

Close
Close