ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കുന്ന ദേശീയ പണിമുടക്ക്  ജനജീവിതം ദുഷ്ക്കരമാക്കിയേക്കുന്ന ആശങ്കകള്‍ക്കിടെ സംസ്ഥാനത്ത് ജനജീവിതം സ്തംഭിപ്പിച്ചു തുടർച്ചയായി നടക്കുന്ന ഹർത്താൽ വിഷയത്തിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് ആരാഞ്ഞു. നാളത്തെ പണിമുടക്കിൽ ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ എന്തു  നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഹർത്താലിനെതിരായി ഉയരുന്ന ജനവികാരം അതു നടത്തുന്നവർ കാണുന്നില്ല എന്നുണ്ടോ എന്നു ചോദിച്ച കോടതി സ്ഥിരമായി അക്രമം നടക്കുന്ന സ്ഥലങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോയെന്നും എന്തുകൊണ്ടാണു നിയമ നിർമാണം നടത്താത്തതെന്നും സർക്കാരിനോടു ചോദിച്ചു. നാളത്തെ പണിമുടക്ക് നേരിടാൻ സർക്കാർ സ്വീകരിച്ച നടപടി എന്താണെന്നുള്ളത് ഉച്ചയ്ക്കു മുൻപ് അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹർത്താലുകളും സമരങ്ങളും സംസ്ഥാനത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, തൃശൂരിലെ മലയാളവേദി തുടങ്ങിയവർ സമർപ്പിച്ച പൊതു താൽപര്യ ഹർജി പരിഗണിക്കുമ്പോഴാണ് ഇത്.

ഹർത്താലിൽ നടക്കുന്ന അക്രമങ്ങൾ ഭരണഘടനാ വിരുദ്ധമാണ്. ഇതു ജനങ്ങളുടെ മൗലിക അവകാശത്തെയാണു ബാധിക്കുന്നത്.അക്രമങ്ങൾ തടയാൻ സമഗ്രമായ പദ്ധതി വേണം. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നു കരുതി മറ്റുള്ളവരെ അതിൽ നിർബന്ധിച്ചു പങ്കെടുപ്പിക്കരുത്. ഹർത്താൽ വെറും തമാശ പോലെയായി മാറുകയാണ്. ഹർത്താലുകൾ മൂലം ഓഫിസുകളുടെയും സ്കൂളുകളുടെയും പ്രവൃ ത്തി ദിനങ്ങൾ കുറയുകയാണ് – കോടതി വ്യക്തമാക്കി.

നേരത്തെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടുള്ള ഒരു സമരത്തിലും സഹകരിക്കേണ്ടെന്ന് വ്യാപാരി, വാണിജ്യ സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമ നടപടിക്ക് വിവിധ വ്യാപാരി സംഘടനകളുടെ കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപവത്കരിച്ചു. പതിനഞ്ചോളം വ്യാപാരി സംഘടനകളാണ് യോഗത്തില്‍ സംബന്ധിച്ചത്. രാഷ്ട്രീയ നേട്ടത്തിനായും അപ്രതീക്ഷിതമായും പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളില്‍ ഇനി മുതല്‍ പങ്കെടുക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനും നിലപാട് സ്വീകരിച്ചിട്ടുണ്ട്.

പണിമുടക്കില്‍ പൊതുമേഖലാ ജീവനക്കാര്‍, ധനകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികള്‍ പങ്കെടുക്കുമെന്നാണ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

Show More

Related Articles

Close
Close