ആഘോഷമൊഴിവാക്കിയതിൽ മന്ത്രിമാർക്കിടയിൽ അഭിപ്രായ ഭിന്നത

 

സംസ്ഥാനത്ത ആഘോഷ പരിപാടികള്‍ ഒഴിവാക്കിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം. ആഘോഷ പരിപാടികള്‍ ഒഴിവാക്കിയതിനെതിരേ എ.കെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പ്രസ്താവനയുമായി രംഗത്തെത്തി. കെ.ടി ജലീല്‍, ഇ.പി ജയരാജന്‍ എന്നിവര്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കിയതിനെ അനൂകൂലിച്ചും രംഗത്തെത്തി.

ഉത്തരവ് പരിശോധിക്കണമെന്നും ആഘോഷങ്ങള്‍ ഒഴിവാക്കി പരിപാടി നടത്തിക്കൂടെയെന്നും മന്ത്രിസഭ പോലും അറിയാത്ത തീരുമാനം ആരുടെ നിർദ്ദേശപ്രകാരമാണെന്നും എ.കെ ബാലന്‍ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ടൂറിസം പരിപാടികള്‍ നടത്തുമെന്ന് കടകംപള്ളിയും വ്യക്തമാക്കിയിരുന്നു. നെഹ്‌റു ട്രോഫി വള്ളംകളിയും നടത്തുമെന്നും അറിയിച്ചിരുന്നു.

കലോത്സവം ഒഴിവാക്കിയതു മാനുഷിക പരിഗണന കണക്കിലെടുത്താണെന്നായിരുന്നു മന്ത്രി കെ.ടി.ജലീലിന്റെ പ്രതികരണം. ആഘോഷ പരിപാടികള്‍ ഒഴിവാക്കിയത് സര്‍ക്കാര്‍ തീരുമാനമാണെന്നും മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ നടത്തുന്നതും സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നടത്തുന്നതുമായ എല്ലാ ആഘോഷപരിപാടികളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി കൊണ്ടാണ് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിറക്കിയത്.  കലോല്‍സവങ്ങളും യുവജനോല്‍സവങ്ങളും ചലച്ചിത്രമേളയും ടൂറിസംവകുപ്പ് നടത്തുന്ന ആഘോഷങ്ങളും റദ്ദാക്കി. ഈ ആഘോഷങ്ങള്‍ക്ക് നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

 

Show More

Related Articles

Close
Close