നിര്‍ണായക ഉച്ചകോടിക്കായി ട്രംപും കിമ്മും സിംഗപ്പൂരില്‍

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നും സിംഗപ്പൂരിലെത്തി. നാളെ ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്കാണ് (സിംഗപ്പൂര്‍ സമയം ഒന്‍പതു മണി) ഉച്ചകോടി. എയര്‍ ചൈന വിമാനത്തിലാണ് കിം ജോങ് ഉന്‍ എത്തിയത്. ഔദ്യോഗിക വിമാനമായ ‘എയര്‍ഫോഴ്‌സ് ഉന്‍’ സിംഗപ്പൂരിലെത്തിയിട്ടുണ്ട്. എയര്‍ചൈന വിമാനത്തില്‍ ബെയ്ജിങ്ങിലേക്കാണ് കിം പുറപ്പെട്ടതെങ്കിലും ഇടയ്ക്കു വച്ച് ദിശമാറ്റി സിംഗപ്പൂരിലേക്കെത്തുകയായിരുന്നു. ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ്ങില്‍നിന്ന് സിംഗപ്പൂര്‍ വരെയുള്ളത്, കിമ്മിന്റെ ഇതുവരെയുള്ള ഏറ്റവും നീണ്ട വിമാന യാത്ര. (വിമാനയാത്രയോടു ഭയമുള്ളയാളാണ് കിം എന്ന് അഭ്യൂഹമുണ്ട്). മധ്യസിംഗപ്പൂരിലെ സെന്റ് റെജിസ് ഹോട്ടലിലാണ് താമസം. എയര്‍ഫോഴ്‌സ് വണ്ണിലാണ് ട്രംപ് എത്തിയത്. കാനഡയില്‍ ജി 7 ഉച്ചകോടി പൂര്‍ത്തിയാകും മുന്‍പാണു ട്രംപും സംഘവും പുറപ്പെട്ടത്. ഷങ്ഗ്രില ഹോട്ടലിലാണ് താമസം. കിം സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഷിയാന്‍ ലുങ്ങുമായി ചര്‍ച്ച നടത്തി. ട്രംപ് ഇന്നു ലുങ്ങിനെ കാണും.

1950-53 ലെ കൊറിയന്‍ യുദ്ധം മുതല്‍ ചിരവൈരികളായ രണ്ടു രാജ്യങ്ങളുടെ തലവന്‍മാരാണ് മുഖാമുഖം. ചരിത്രത്തിലാദ്യമായി യുഎസ് പ്രസിഡന്റും ഉത്തരകൊറിയന്‍ മേധാവിയും നേരില്‍ കാണുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ഫോണില്‍ പോലും രണ്ടു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ ഇതുവരെ സംസാരിച്ചിട്ടില്ല. വിദേശകാര്യ മന്ത്രി റി യോങ് ഹോ, വിശ്വസ്തനും യുഎസുമായുള്ള ചര്‍ച്ചയുടെ സൂത്രധാരനുമായ കിം യോങ് ചോല്‍ എന്നിവരാണ് കമ്മിന്റെ സംഘത്തിലുള്ളത്. ട്രംപിന്റെ സംഘത്തില്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ, സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവി ജോണ്‍ കെല്ലി, പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് എന്നിവരാണുള്ളത്.

ഉത്തരകൊറിയയുടെ ആണവനിരായുധീകരണം, കൊറിയന്‍ ഉപദ്വീപില്‍ ശാശ്വത സമാധാനം ഉറപ്പാക്കല്‍, കൊറിയന്‍ മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം, ഉത്തരകൊറിയയ്‌ക്കെതിരായി സാമ്പത്തിക, നയതന്ത്ര ഉപരോധം, ഉത്തരകൊറിയയ്ക്കു രാജ്യാന്തരവേദികളില്‍ അംഗീകാരം തുടങ്ങിയ വിഷയങ്ങളിലാകും ചര്‍ച്ച നടക്കുക. നിരായുധീകരണം സംബന്ധിച്ചു ധാരണയുണ്ടായാലേ മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യൂ.

Show More

Related Articles

Close
Close