താന്‍ ഇടതുപക്ഷത്തേക്ക് പോയേക്കുമെന്ന് സംശയിച്ചവരുടെ ഗൂഢാലോചന

യുഡിഎഫില്‍ തന്നെ തളച്ചിടുക എന്ന ലക്ഷ്യത്തോടെ താന്‍ ഇടതുപക്ഷത്തേക്ക് പോയേക്കുമെന്ന് സംശയിച്ച ചിലര്‍ നടത്തിയ ഗൂഢാലോചനയാണ് ബാര്‍ കോഴ കേസിന് പിന്നിലെന്ന് മുന്‍ ധനമന്ത്രി കെഎം മാണി. ഗൂഢാലോചനക്കാരെ അറിയാം. എനിക്ക് മാന്യതയുള്ളത് കൊണ്ട് പേരുകള്‍ പുറത്തുപറയുന്നില്ല. ബിജു രമേശിന് മാന്യത ഉണ്ടാക്കി കൊടുക്കാന്‍ ആരും തുനിയരുത്. യുഡിഎഫിനെ നിരന്തരം ആക്രമിച്ച ആളാണ് ബിജു രമേശ്. ആ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയത്തിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പോയത് ശരിയായില്ല. അതേ കുറിച്ച് വിഎംസുധീരന്‍ പറഞ്ഞതില്‍ കഴമ്പുണ്ട് എന്നും മാണി പറഞ്ഞു. മനോരമ ചാനലിലെ നേരെ ചൊവ്വേ പരിപാടിയില്‍ ആണ് മാണി ഇങ്ങനെ പറഞ്ഞത്.

അതേസമയം, മാണിയുടെ വെളിപ്പെടുത്തലിനോട് വ്യത്യസ്ത പ്രതികരണങ്ങളാണ് പിസിജോര്‍ജില്‍ നിന്നും ആന്റണി രാജുവില്‍ നിന്നും ഉണ്ടായത്. മാണിയും ഇടതുമുന്നണിയുമായി ചര്‍ച്ച നടന്നതായി പിസിജോര്‍ജ് പറഞ്ഞു. മാണിയുടെ വീട്ടില്‍ വന്ന് ഇടതുനേതാക്കള്‍ മാണിയുമായി ചര്‍ച്ച നടത്തി. മാണി ആവശ്യപ്പെട്ടതനുസരിച്ച് താന്‍ ഈ ചര്‍ച്ചയില്‍ പങ്കാളിയായി. എന്നാല്‍ മാണിയുടെ മകനും മരുമകളും ഈ നീക്കം പൊളിച്ചു എന്നും പിസി ജോര്‍ജ് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം വാങ്ങി ഇടതുമുന്നണിയിലേക്ക് പോകാന്‍ കെഎം മാണി ആഗ്രഹിച്ചിരുന്നതായി ആന്റണി രാജു പറഞ്ഞു. കെഎം മാണിക്ക് ഇടതുമുന്നണി മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായി അറിയില്ല. കോണ്‍ഗ്രസ് നേതാക്കളാണ് മാണിക്കെതിരായ ഗൂഢാലോചനക്ക് പിന്നില്‍. പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കെഎം മാണിയുടെ കൈയിലുണ്ട്. അതില്‍ ഗൂഢാലോചന നടത്തിയവരുടെ പേരുണ്ട്. ആ പേരുകള്‍ ഇപ്പോഴും മാണി മറച്ചുവെക്കുകയാണ്. ബിജെപി മുന്നണിയില്‍ ചേക്കേറാനാണ് ഇപ്പോള്‍ മാണി ഗൂഢാലോചന സിദ്ധാന്തം മുന്നോട്ട് വെക്കുന്നതെന്നും ആന്റണി രാജു പറഞ്ഞു.

Show More

Related Articles

Close
Close