ബോട്ടിലിടിച്ചത് ദേശശക്തി കപ്പലെന്ന് സ്ഥിരീകരിച്ചു; ക്യാപ്റ്റനടക്കം രണ്ട് പേര് കസ്റ്റഡിയില്‍

കൊച്ചി മുനമ്പത്ത് മത്സ്യബന്ധനബോട്ടില്‍ ഇടിച്ച കപ്പല്‍ എം.വി ദേശശക്തി തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റനെയും രണ്ടു ജീവനക്കാരേയും കസ്റ്റഡിയിലെടുത്തു. മംഗളൂരു തുറമുഖത്തു വച്ച് മട്ടാഞ്ചേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മറൈന്‍ മര്‍ക്കന്റൈയില്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. ഇവരെ നാളെ രാവിലെ കൊച്ചിയിലെത്തിക്കും.
ഓഗസ്റ്റ് 7ന് പുലര്‍ച്ചെ 3.30ഓടെയാണ് മുനമ്പത്തു നിന്നു പോയ ഓഷ്യാനോ എന്ന മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചത്. ബോട്ടില്‍ ആകെ പതിനാലു പേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഒമ്പതുപേരെ കാണാതാവുകയും ചെയ്തു. രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു.
തമിഴ്നാട് രാമന്‍തുറ സ്വദേശികളായ യുഗനാഥന്‍ (45), മണക്കുടി (50), യാക്കൂബ് (57) എന്നിവരാണു മരിച്ചത്. ബോട്ടിലിടിച്ച കപ്പല്‍ നിര്‍ത്താതെ പോയെന്ന് രക്ഷപ്പെട്ട എഡ്വിന് പറഞ്ഞിരുന്നു. താനാണ് ബോട്ട് ഓടിച്ചിരുന്നതെന്നും മറ്റുള്ളവര്‍ ഉറങ്ങുകയായിരുന്നെന്നും എഡ്വിന് പൊലീസിനോട് വ്യക്തമാക്കിയിരുന്നു. പലര്‍ക്കും രക്ഷപ്പെടാന്‍ കഴിയാഞ്ഞത് ഇതിനാലാണെന്ന് മത്സ്യത്തൊഴിലാളികളും പറഞ്ഞിരുന്നു.
അതേസമയം, അപകടത്തില്‍ കാണാതായ തമിഴ്നാട് രാമന്‍തുറ സ്വദേശികളായ ആരോക്യ ദിനേഷ് (25), രാജേഷ് കുമാര്‍ (32), സാലു (24), അരുണ്‍കുമാര്‍ (25), യേശുപാലന്‍ (38), പോള്‍സണ്‍ (25), സഹായരാജ് (32), കാല്‍ക്കത്ത സ്വദേശി ബിപുല്‍ദാസ് (28) എന്നിവര്‍ക്കായ് തെരച്ചില്‍ തുടരുകയാണ്.