കോഴിക്കോട് കോടതിയിലും വിലക്ക്

കോഴിക്കോട് കോടതിയിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. ഐസ്‌ക്രീം കേസിന്റെ റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി വളപ്പില്‍ നിന്ന മാധ്യമ പ്രവര്‍ത്തകരയാണ് അറസ്റ്റ് ചെയ്തു ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. പൊലീസ് സ്റ്റേഷനില്‍  മാധ്യമ പ്രവര്‍ത്തരെ ഫോണ്‍ ചെയ്യാന്‍ പോലും അനുവദിക്കാതെ ഫോണ്‍ പിടിച്ചുവാങ്ങുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇവരുടെ കാമറകളും ലൈവ് സംവിധാനമുള്ള വാഹനവും കസ്റ്റഡിയിലെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, കാമറാമന്‍, ഡ്രൈവര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

രാവിലെ  മാധ്യമ പ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ എത്തിയിരുന്നെങ്കിലും ആരും കോടതിക്ക് അകത്ത് പ്രവേശിച്ചിരുന്നില്ല. അഭിഭാഷകര്‍ അടക്കം ആരും മാധ്യമ പ്രവര്‍ത്തരെ തടയുകയോ പ്രതിഷേധവുമായി രംഗത്തെത്തുകയോ ചെയ്തിരുന്നില്ല. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം യാതൊരു പ്രകോപനവുമില്ലാതെ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ കയറ്റരുതെന്ന് ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശം ഉണ്ടെന്ന് പറഞ്ഞാണ് പോലീസുകാരുടെ നടപടി.  മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലേക്ക് അതിക്രമിച്ചുകയറിയെന്നാണ് ആരോപണം.

അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ടൗണ്‍ പൊലീസ് സ്റ്റേഷനു പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ സംഘടിച്ചിട്ടുണ്ട്.

Show More

Related Articles

Close
Close