മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുത്തതില്‍ അതൃപ്തി !

കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ. സുധാകരപക്ഷം. സുധാകര അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പുതിയ നേതൃത്വത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അതിനിടെ, കെ.പിസിസി അഴിച്ചുപണിയില്‍ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് കെ.സുധാകരന്‍ തന്നെ രംഗത്ത് വന്നത് കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്.
പുതിയ അധ്യക്ഷനെ തീരുമാനിച്ചത് എഐസിസിയാണ് . അതില്‍ തനിക്ക് അഭിപ്രായമില്ല. പുതിയ ടീമില്‍ താനുണ്ടോയെന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. പാര്‍ട്ടിയിലുള്ളിടത്തോളം പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കണമല്ലോ എന്നുമാണ് കെ.സുധാകരന്‍ അങ്കമാലിയില്‍ പറഞ്ഞത്.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പറഞ്ഞു കേട്ട പേരുകളില്‍ പ്രധാനപ്പെട്ട ഒരു പേര് കെ.സുധാകരന്റെതായിരുന്നു. കണ്ണൂരില്‍ നിന്നുള്ള ശക്തനായ നേതാവെന്ന പ്രതിച്ഛായയും സുധാകരനുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളെ തൃപ്തിപ്പെടുത്താനും മുതിര്‍ന്ന നേതാക്കള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം നല്‍കുന്നതിനുമായി രാഹുലിന് മുന്നില്‍ മറ്റ് വഴികളില്ലാതായതോടെയാണ് മുല്ലപ്പള്ളിക്ക് നറുക്ക് വീണത്.

മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.െഎ ഷാനവാസ്. പാര്‍ട്ടി നേതൃത്വത്തിലെത്തുന്ന മൂന്നുപേരും ഏറെനാളായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍. സംസ്ഥാന രാഷ്ട്രീയത്തിലെ ചലനങ്ങളോട് സമരസപ്പെടുകയാണ് മൂവരുടേയും മുന്നിലുള്ള ആദ്യ വെല്ലുവിളി.

ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാര്‍ട്ടിയേയും മുന്നണിയേയും ശക്തിപ്പെടുത്തുകയാണ് പുതിയ കെ.പി.സി.സി നേതൃത്വത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. അതിനിടെ സുധാകരനും അണികളും നേതൃത്വത്തിനെതിരെ രംഗത്ത് വന്നത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട്. ഗ്രൂപ്പ് നേതൃത്വങ്ങളിലും വ്യക്തികളിലും ഒതുങ്ങി നിന്നിരുന്ന പാര്‍ട്ടിയിലേക്ക് ഹൈക്കമാന്‍ഡ് വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് പുതിയ നേതൃത്വത്തെ കൊണ്ടു വരുന്നത്.

നേരത്തേ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകളാണ് സജീവമായി പറഞ്ഞു കേട്ടിരുന്നത്. കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വലിയതോതിലുള്ള പ്രചാരണവും നടന്നിരുന്നു.

Show More

Related Articles

Close
Close