നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം

12-krishna-jayanthi22ഭക്തരുടെ മനസ്സില്‍ ആഘോഷത്തിന്റെ നെയ്ത്തിരികള്‍ തെളിച്ചുകൊണ്ട് വീണ്ടും ശ്രീകൃഷ്ണ ജയന്തി. ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങള്‍ ഒരുങ്ങി. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ഉണ്ണിക്കണ്ണന്റെ ജന്മദിനം ആഘോഷമാക്കുവാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. കൃഷ്ണക്ഷേത്രങ്ങള്‍ ദീപാലങ്കാരത്തിലും ഭക്തിഘോഷങ്ങളിലും നിറഞ്ഞിരിക്കുന്നു. കണ്ണനെ സ്തുതിയ്ക്കുന്ന കീര്‍ത്തനങ്ങള്‍ മുഴങ്ങുകയാണെവിടെയും.

ശ്രീകൃഷ്ണ ജയന്തി ബാലദിനമായാണ് ബാലഗോകുലം ആചരിക്കുന്നത്. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും ശോഭായാത്രകള്‍ നടക്കും. ശോഭയാത്രകളില്‍ ദ്വാപരയുഗ സ്മരണകളുണര്‍ത്തുന്ന നിശ്ചലദൃശ്യങ്ങളും, ശ്രീകൃഷ്ണ-ഗോപികാ വേഷങ്ങളും അണിനിരക്കും. പുല്ലാങ്കുഴല്‍ നാദങ്ങള്‍ തെരുവുകളില്‍ സംഗീത മഴ ചൊരിയും.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൃഷ്ണ ക്ഷേത്രമായ ഗുരുവായൂരമ്പലത്തില്‍ ഗംഭീരമായ ആഘോഷച്ചടങ്ങുകള്‍ക്കാണ്‌ കളമൊരുങ്ങുന്നത്‌. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക്‌ എല്ലാ സൗകര്യങ്ങളുമൊരുക്കാന്‍ ദേവസ്വം ബോര്‍ഡ്‌ സംവിധാനം ചെയ്തിട്ടുണ്ട്‌.

ശ്രീകൃഷ്ണന്റെ ജന്മദേശമായ ഉത്തര്‍പ്രദേശിലെ മഥുരയയിലും ദ്വാരകയിലും മറ്റും ശ്രാവണപൂര്‍ണ്ണിമയ്ക്ക് ശേഷമുള്ള അഷ്ടമിക്ക് – ജന്മാഷ്ടമിക്ക് – ശ്രീകൃഷ്ണജയന്തി ആഘോഷിച്ചിരുന്നു. ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി- ഭക്തിയുടെയും പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും അവതാരമായ കൃഷ്ണഭഗവാന്‍ പിറന്ന ജന്മാഷ്ടമി. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസമാണിത് .

യുഗങ്ങള്‍ നാലാണ്. കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങനെ. ഇതില്‍ ദ്വാപരയുഗത്തിലാണു ശ്രീകൃഷ്ണന്റെ ജനനം എന്നാണു വിശ്വാസം. അഷ്ടമിരോഹിണി ദിവസം അര്‍ധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാല്‍ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണു വിശ്വാസം. ശിവരാത്രി പോലെ അഷ്ടമിരോഹിണി ദിവസവും രാത്രി മുഴുവന്‍ ഉറക്കമിളച്ചു ഈശ്വരഭജനവുമായി കഴിയുന്നത് കൃഷ്ണപ്രീതിയ്ക്ക് ഉത്തമം.

അര്‍ദ്ധരാത്രി പാല്‍പ്പായസമുണ്ടാക്കി വീടിന്റെ പിന്‍ഭാഗത്ത് വയ്ക്കുന്നു. ഉണ്ണിക്കൃഷ്ണന്റെ കാലടികള്‍ അരിപ്പൊടി കലക്കിയ വെള്ളച്ചായത്തില്‍ വീട്ടുമുറ്റം മുതല്‍ പായസം വച്ചിരിക്കുന്നിടം വരെ വരച്ചു വയ്ക്കുന്ന പതിവ് കേരളത്തില്‍ പലയിടത്തും ഇപ്പോഴുമുണ്ട്. ഉണ്ണിക്കൃഷ്ണന്‍ രാത്രിയില്‍ വന്ന് ഈ പാല്‍പ്പായസം കുടിക്കുമെന്നാണ് ഇതിനു പിന്നിലുള്ള വിശ്വാസം.

ജന്മാഷ്ടമി ആഘോഷങ്ങളില്‍ പ്രധാനമാണ് ഉറിയടി. ഉണ്ണിക്കണ്ണന്റെ വേഷം കെട്ടിയ കുട്ടി ഉറിയില്‍ തൂങ്ങിയാടുന്ന വെണ്ണക്കുടം ചാടിപ്പിടിക്കാന്‍ ശ്രമിക്കുന്നു. ഉറിയുടെ ചരട് കാഴ്ചക്കാരില്‍ ഒരാള്‍ വലിച്ചുകൊണ്ടിരിക്കും. കാണികളില്‍ കൗതുകവും ആവേശവും ഉണര്‍ത്തുന്നതാണ് ഈ മത്സരം.

കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും അഷ്ടമിരോഹിണി ദിനം പ്രധാനമാണ്. ഗുരുവായൂര്‍, അമ്പലപ്പുഴ, രവിപുരം, നെയ്യാറ്റിന്‍കര, തമ്പലക്കാട്, തൃച്ചംബരം, ഉഡുപ്പി, മലയിങ്കീഴ്, തിരുവമ്പാടി, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, ചിന്ത്രമംഗലം, ഏവൂര്‍, തിരുവച്ചിറ, കുറുമ്പിലാവ്, താഴത്തെ മമ്പുള്ളി, കൊടുന്തറ തുടങ്ങി അനേകം ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക ആരാധനകളോടെ ശ്രീകൃഷ്ണ ജയന്തി കൊണ്ടാടുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close