കെഎസ്ആര്‍ടിസി നിലയ്ക്കല്‍ പമ്പ നിരക്ക് : ആരോടും വിവേചനം കാട്ടില്ല; നിലവിലെ സ്ഥിതി 21 വരെ തുടരുമെന്നും ശശീന്ദ്രന്‍

കെ. എസ്. ആര്‍. ടി. സിയുടെ നിലയ്ക്കല്‍ പമ്പ നിരക്ക് സംബന്ധിച്ച കേസ് ഹൈക്കോടതി 21ന് പരിഗണിക്കുന്നതിനാല്‍ നിലവിലെ സ്ഥിതി അതുവരെ തുടരുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടതി വിധി മാനിച്ചുള്ള നടപടിയാവും കെ. എസ്. ആര്‍. ടി. സി സ്വീകരിക്കുക. ഇതുസംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, ദേവസ്വം കമ്മീഷണര്‍, കെ. എസ്. ആര്‍. ടി. സി സി. എം. ഡി, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

മറ്റു സ്ഥലങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രം അനുവദിക്കുകയും അവിടെ നിന്ന് പമ്പയിലേക്ക് കെ. എസ്. ആര്‍. ടി. സി ചെയിന്‍ സര്‍വീസ് നടത്തണമെന്നുമാണ് ശബരിമല ഉന്നതാധികാര സമിതി തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ദൂരസ്ഥലങ്ങളില്‍ നിന്ന് പമ്പയിലേക്കുള്ള കെ. എസ്. ആര്‍. ടി. സി ബസുകളും നിലയ്ക്കലില്‍ യാത്ര അവസാനിപ്പിക്കേണ്ടി വരും. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണം. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദേവസ്വവുമായി സഹകരിച്ച് പരമാവധി സഹായം നല്‍കുന്നതിന് എന്തെല്ലാം ചെയ്യാനാവുമെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ തുടരും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താനാവുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ സീസണില്‍ 30 രൂപയായിരുന്നു ഈ റൂട്ടില്‍ കെ. എസ്. ആര്‍. ടി. സി നിരക്കെന്നും ഇപ്പോള്‍ 40 രൂപയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മറ്റു സ്ഥലങ്ങളില്‍ നിന്ന് വരുന്ന ബസുകളില്‍ പമ്പയിലേക്ക് ടിക്കറ്റെടുത്തവരില്‍ നിന്ന് വീണ്ടും നിലയ്ക്കല്‍ പമ്പ ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നതായി പരാതി ഉണ്ടായിട്ടുണ്ട്. ആരെങ്കിലും അങ്ങനെ ടിക്കറ്റ് നിരക്ക് വാങ്ങിയിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കും. കെ. എസ്. ആര്‍. ടി. സി. ആരോടും വിവേചനം കാട്ടുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, കമ്മീഷണര്‍ എന്‍. വാസു, കെ. എസ്. ആര്‍. ടി. സി എം.ഡി ടോമിന്‍ തച്ചങ്കരി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

Show More

Related Articles

Close
Close