കുടിശിക ബുധനാഴ്ച നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; കെഎസ്ആര്‍ടിസി പെന്‍ഷന്‍ സമരം പിന്‍വലിച്ചു

കെഎസ്ആര്‍ടിസിയില്‍ നിന്നു വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ വരുന്ന ബുധനാഴ്ച കൊടുത്തു തീര്‍ക്കുമെന്നു സര്‍ക്കാര്‍. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പെന്‍ഷന്‍കാരുടെ സംഘടനകള്‍ക്ക് ഉറപ്പു നല്‍കി. നടത്തിവരുന്ന സമരം ഇതോടെ പിന്‍വലിച്ചതായി സംഘടനാപ്രതിനിധികള്‍ അറിയിച്ചു. കുടിശ്ശിക വൈകുന്നതിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണു തീരുമാനം.

സഹകരണ ബാങ്കുകള്‍വഴി പെന്‍ഷന്‍ കുടിശ്ശികയില്ലാതെ മാസം തോറും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഇതിനായി സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നുണ്ട്. കണ്‍സോര്‍ഷ്യവും സര്‍ക്കാരും കെഎസ്ആര്‍ടിസിയും ഇതു സംബന്ധിച്ച് ധാരണാപത്രം ഒപ്പിടും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏതാനും ദിവസത്തിനകം പൂര്‍ത്തിയാക്കും. കുടിശ്ശിക തീര്‍ക്കാന്‍ വേണ്ടത് 261 കോടി രൂപയാണ്.

പെന്‍ഷന്‍കാര്‍ അവരവരുടെ താമസസ്ഥലത്തെ സഹകരണ ബാങ്കില്‍ അക്കൗണ്ട് തുറക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഈ അക്കൗണ്ടിലേക്ക് പെന്‍ഷന്‍ ലഭ്യമാക്കും. കുടിശ്ശികയും തീര്‍ത്തു നല്‍കും. പെന്‍ഷന്‍ നല്‍കുന്നത് കെഎസ്ആര്‍ടിസി തന്നെയായിരിക്കും. എന്നാല്‍ ഇപ്പോഴത്തെ വിഷമസാഹചര്യം പരിഗണിച്ച് ഇതിനാവശ്യമായ ഫണ്ട് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ലഭ്യമാക്കും. ഫണ്ട് ലഭ്യമാക്കാനുളള വഴി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചര്‍ച്ചയില്‍ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ എ. ഹേമചന്ദ്രന്‍, സമരസഹായസമിതി കണ്‍വീനര്‍ ആനത്തലവട്ടം ആനന്ദന്‍, അഡ്വ. പി.എ. മുഹമ്മദ് അഷ്‌റഫ്, കെ.ജോണ്‍ (കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍) വി. രാജഗോപാല്‍, ഡി. അശോക് കുമാര്‍ (റിട്ട. ട്രാന്‍സ്‌പോര്‍ട്ട് ഓഫിസേഴ്‌സ് ഫോറം) എ. ഹബീബ് (ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍) എന്നിവരും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരും പങ്കെടുത്തു.

അതിനിടെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇതിനായി മാര്‍ഗരേഖ തയാറാക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കുടിശ്ശിക ഉള്‍പ്പെടെ 2018 ജൂലൈ വരെയുള്ള പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാനാണു സര്‍ക്കാരിന്റെ ശ്രമം. ഇതിനായി 600 കോടി രൂപ വേണം. ഈ തുക സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാനാണു തീരുമാനം. കുടിശ്ശിക തീര്‍ക്കുന്നതു സംബന്ധിച്ച നടപടിക്രമം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി സര്‍ക്കാരിനെ അറിയിച്ചു.

Show More

Related Articles

Close
Close