കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്കെതിരായ ഹര്‍ജി രാജ്യാന്തര കോടതി പരിഗണിക്കുന്നു

ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് വീണ്ടും രാജ്യന്തര കോടതി(ഐസിജെ) പരിഗണിക്കുന്നു. കേസില്‍ ഇന്ത്യ എഴുതി തയ്യാറാക്കിയ വാദങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.

ചാരവൃത്തിയും ഭീകരപ്രവര്‍ത്തനവും ആരോപിച്ചാണ് മുന്‍ നേവി ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ (47) 2016 മാര്‍ച്ച് മൂന്നിന് ബലൂചിസ്ഥാനില്‍നിന്നു പാകിസ്താന്‍ പിടികൂടി തടവിലാക്കിയത്. ഈ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു ജാദവിന് വധശിക്ഷ വിധിച്ചത്. ഇതിനെതിരെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചു. ജാദവിന്റെ വധശിക്ഷ കോടതി സ്റ്റേ ചെയ്തതു നയതന്ത്ര തലത്തില്‍ ഇന്ത്യയുടെ വിജയമായി. രണ്ടു രാജ്യങ്ങളുടെയും വാദപ്രതിവാദങ്ങള്‍ പരിഗണിച്ചശേഷം അന്തിമവിധി വരുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്നാണു രാജ്യാന്തര കോടതിയുടെ ഉത്തരവ്.ജാദവിന് നിയമസഹായത്തിന് ഇന്ത്യ പതിനാറ് തവണ പാകിസ്താനെ സമീപിച്ചെങ്കിലും നിരസിക്കപ്പെടുകയായിരുന്നു.ഡിസംബര്‍ 13നാണ് പാകിസ്താന് വാദങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസരം.

2003ല്‍ നാവികസേനയില്‍നിന്നു വിരമിച്ച ജാദവ്, ഇറാനിലെ ഛബഹാറില്‍ വ്യാപാരം ചെയ്തുവരികയായിരുന്നുവെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. ജാദവിനു പാകിസ്താന്‍ നീതി നിഷേധിച്ചു, അഭിഭാഷകന്റെ സഹായം നല്‍കിയില്ല, നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച 16 തവണ നിഷേധിച്ചു തുടങ്ങിയ വാദങ്ങളാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്നത്.

Show More

Related Articles

Close
Close