കമ്മാര സംഭവത്തിൽ സ്വയം ഡബ് ചെയ്യാൻ ഒരുങ്ങി തമിഴ് നടൻ സിദ്ധാർഥ്.

തെന്നിന്ത്യയിലെ ഏറ്റവും പോപ്പുലർ ആയ  നടന്മാരിൽ ഒരാൾ ആണ് സിദ്ധാർഥ്. ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള സിദ്ധാർഥ് മികച്ച നടനെന്നുള്ള പേര് നേടി എടുത്തിട്ടുള്ള ഒരു യുവ താരമാണ്. ഒരു താരമെന്ന നിലയിൽ  തട്ട് പൊളിപ്പൻ ചിത്രങ്ങൾ ചെയ്യാതെ ഒരു നടനെന്ന നിലയിൽ മികച്ചതും വ്യത്യസ്തവുമായ ചിത്രങ്ങൾ ചെയ്യുന്ന ആളാണ് സിദ്ധാർഥ്. ഈ അടുത്തിടെ അദ്ദേഹം ചെയ്ത അവൾ എന്ന ഹൊറർ ചിത്രം ഒരുപാട് അഭിനന്ദനവും ബോക്സ് ഓഫീസിൽ വിജയവും നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ മലയാള ചിത്രത്തിന്റെ ഷൂട്ടിങ്ങും അദ്ദേഹം പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു. ജനപ്രിയ നായകൻ ദിലീപ് പ്രധാന വേഷത്തിൽ എത്തുന്ന കമ്മാര സംഭവത്തിലെ ഒരു നിർണ്ണായക വേഷം അവതരിപ്പിച്ചു കൊണ്ടാണ് സിദ്ധാർഥ് മലയാളത്തിൽ അരങ്ങേറുന്നത്.

ഈ ചിത്രത്തിലെ തന്റെ ഭാഗം പൂർത്തിയാക്കിയ സിദ്ധാർഥ് ഇപ്പോൾ തന്റെ ആദ്യ  മലയാള ചിത്രത്തിൽ തന്നെ സ്വയം ഡബ് ചെയ്യാൻ ഉള്ള തയ്യാറെടുപ്പിലാണ്. അഭിനയിച്ചപ്പോൾ മലയാള ഭാഷ സിദ്ധാർത്ഥിന് വലിയ പ്രശ്നം ഉണ്ടാക്കിയില്ലെന്നും അത് കൊണ്ട് തന്നെ സ്വയം ഡബ് ചെയ്യുന്ന കാര്യത്തിലും അദ്ദേഹം പൂർണ്ണ ആത്മ വിശ്വാസത്തിൽ ആണെന്നും ഈ ചിത്രത്തിൻറെ സംവിധായകൻ രതീഷ് അമ്പാട്ട് പറയുന്നു. മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം മൂന്നു കാലഘട്ടങ്ങളിലൂടയാണ് കഥ പറയുന്നത്. ദിലീപ് വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന ഈ ചിത്രത്തിൽ മുരളി ഗോപിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

നമിത പ്രമോദ് ആണ് ഈ ചിത്രത്തിലെ നായിക. തേനിഡൽഹി എന്നിവിടങ്ങളിൽ ആയി ഈ മാസം അവസാനത്തോടെ പൂർത്തിയാവുന്ന ചിത്രം അടുത്ത വർഷം വിഷു റിലീസ് ആയി തീയേറ്ററുകളിൽ എത്തും. ഏപ്രിൽ അഞ്ചിനായിരിക്കും ഈ ചിത്രം എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം  ഗോപാലൻ ആണ് കമ്മാര സംഭവം നിർമ്മിക്കുന്നത്. രതീഷ് അമ്പാട്ടിന്റെ ആദ്യ ചിത്രമാണിത്.

 

Show More

Related Articles

Close
Close