തെളിവെടുപ്പ് നാളെ; മഠത്തില്‍ നിന്നും താമസം മാറാന്‍ കന്യാസ്ത്രീകള്‍ക്ക് നിര്‍ദേശം

കുറവിലങ്ങാട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നാളെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും. തെളിവെടുപ്പ് നടക്കുന്നതിനാല്‍ താമസം മാറാന്‍ മഠത്തിലെ കന്യാസ്ത്രീകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധന ആരംഭിച്ചു. ബിഷപ്പിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതിനു പിന്നലെയാണ് ലൈഗികശേഷി പരിശോധന നടത്തുന്നത്.

ബിഷപ്പിന്റെ അഭിഭാഷകന്റെ വാദം പൂര്‍ണമായും തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു ബിഷപ്പിനെതിരെ നടപടി. പൊലീസ് ആവശ്യപ്പെട്ടിരുന്നത് മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30യ്ക്ക് ബിഷപ്പിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

പാലാ കോടതിയാണ് ബിഷപ്പിന് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി വിധിച്ചത്. രക്തവും ഉമിനീരും ബലം പ്രയോഗിച്ച് എടുത്തുവെന്ന് ബിഷപ്പ് കോടതിയില്‍ പരാതി നല്‍കിയിരുന്നു.

അതേസമയം, പരാതിക്കാരി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. ഇവരുടെ ലാപ്‌ടോപ്പും 2014 ലെ വസ്ത്രവും കണ്ടെടുക്കും. ബിഷപ്പിനെതിരെ കേരളത്തില്‍ നിന്നും ജലന്ധറില്‍ നിന്നും കൂടുതല്‍ പരാതികളുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. പരാതികള്‍ ഇനിയും ലഭിക്കാന്‍ സാധ്യതയുള്ളതായാണ് വിലയിരുത്തല്‍. തെളിവുകളും പരാതികളും ജില്ലാ പൊലീസ് മേധാവിയ്ക്ക് കൈമാറി.

അറസ്റ്റിലായ ശേഷം ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായതിനാല്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തിയിരുന്നു. ഇന്നലെ രാത്രി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വച്ച് മുളയ്ക്കലിന്റെ രക്തസമ്മര്‍ദം 200 രേഖപ്പെടുത്തുകയും ഇ.സി.ജിയില്‍ വ്യതിയാനം കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. പിന്നീട് ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

Show More

Related Articles

Close
Close