പ്രധാനമന്ത്രി കുട്ടനാട്ടിലെ എടത്വായിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

modi-alappuzha copy
എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ… ഞാൻ ഹെലികോപ്റ്ററിലിരുന്നു നോക്കിയപ്പോൾ ഈ മൈതാനത്തിലുളളതിന്റെ ഇരട്ടി ആളുകൾ മൈതാനത്തിനു വെളിയിലുണ്ടെന്നു കാണാൻ കഴിഞ്ഞു. അതു പോലെ തന്നെ ഈ മൈതാനം വളരെ ചെറുതാണ്. ഈ കെട്ടിടങ്ങൾക്കപ്പുറത്തു നിൽക്കുന്ന ജനസഞ്ചയത്തിന് എന്നെ കാണുവാനോ കേൾക്കുവാനോ കഴിയില്ലെന്നറിയാം. എങ്കിലും എന്നെയും, ബി.ജെ.പി യെയും ആശീർവദിക്കാനെത്തിയ നിങ്ങൾക്ക് ഞാൻ ആദ്യമായി നന്ദി അറിയിക്കുകയാണ്.
ഡൽഹിയിലിരിക്കുന്നവർക്ക് ഈ കേരളത്തിലെ രാഷ്ട്രീയത്തിനുണ്ടാകുന്ന രൂപമാറ്റത്തെക്കുറിച്ചു മനസ്സിലാവില്ല. അവർക്ക് ഇവിടെ കേരളത്തിൽ വന്നാലേ, ഈ ജനസഞ്ചയത്തെ കണ്ടെങ്കിലേ രാജ്യത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടാൻ പോവുകയാണെന്ന് മനസ്സിലാവുകയുളളൂ.
ഡൽഹിയിൽ അനേകം ചാനലുകളിൽ, ഇവിടുത്തെ അനേകം സംസ്ഥാനങ്ങളിലെ, ഗ്രാമങ്ങളിലെ വാർത്തകൾ വരാറുണ്ട്. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം 70 വർഷങ്ങൾ പിന്നിട്ടിട്ടും, വെളളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ നാട്ടിൽ കുടിക്കാൻ ഒരു തുളളി വെളളമില്ലെന്ന് ഡൽഹിയിലിരിക്കുന്നവർ അറിയുന്നില്ല.
സ്വാതന്ത്ര്യത്തിന്റെ ഈ 70 വർഷം കഴിഞ്ഞിട്ടും ഇവിടെ കോൺഗ്രസ്സും കമ്യൂണിസ്റ്റും മാറി മാറി ഭരിച്ചിട്ടും ജനങ്ങൾക്കു കുടിക്കുവാനുളള വെളളം പോലും നൽകാൻ കഴിയാഞ്ഞത് ലജ്ജാകരമാണ്. 70 വർഷമായി നിങ്ങൾക്കു കുടിവെളളം തരാത്തവർക്ക് നിങ്ങൾ വോട്ടു കൊടുക്കേണ്ടതുണ്ടോ?
ഞാൻ നിങ്ങളുടെ മറുപടി കേൾക്കുവാൻ ആഗ്രഹിക്കുന്നു. അവർക്ക് ശിക്ഷ നൽകാനുളള അവസരമാണിത്. അവരെ ശിക്ഷിച്ച് അവരുടെ വീടുകളിലേയ്ക്ക് ഓടിക്കേണ്ട കാലമായിരിക്കുന്നു. 5 വർഷങ്ങളുടെ ഇടവേളകളിൽ നിങ്ങളിവിടെ സർക്കാരുകളെ മാറിമാറി പ്രതിഷ്ഠിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ ഇവിടുത്തെ ജീവിതത്തിന്റെ അവസ്ഥ മാറിയിട്ടുണ്ടോ?
സർക്കാരിനെ മാറ്റിയാൽ നിങ്ങളുടെ ഭാവി തന്നെ മാറുവാൻ പോകുന്നുവെന്ന് ഞാൻ നിങ്ങളെ അറിയിക്കുകയാണ്. നിങ്ങൾ രണ്ടു കൂട്ടരെയും മാറി മാറി പ്രതിഷ്ഠിച്ചുകൊണ്ടിരുന്നാൽ നിങ്ങളുടെ പുരോഗതിക്കായി അവർ ശ്രമിക്കില്ല.
ഒരു പ്രാവശ്യം ഈ ഇടതു-വലതു കക്ഷികളെ വീട്ടിലിരുത്താൻ നിങ്ങൾക്കു കഴിഞ്ഞാൽ അവർക്കു മനസ്സിലാകും ഭരണം എന്നാൽ എന്താണെന്ന്, സർക്കാർ എന്നാൽ എന്താണെന്ന്. നിങ്ങൾ സംഗീതത്തിൽ ജുഗൽബന്ദി കണ്ടിട്ടില്ലേ. ഒരു കൂട്ടർ പുല്ലാങ്കുഴൽ വായിക്കുമ്പോൾ മറ്റൊരാൾ തബല വായിക്കും. ഇവിടുത്തെ ഇടതു വലതു കക്ഷികൾ പരസ്പരം ജുഗൽബന്ദി കളിക്കുകയാണ്. ഈ രണ്ടു കൂട്ടരും 5 വർഷം വീതം ഭരിച്ചു മുന്നേറുമ്പോൾ അവരെന്താണു ചെയ്യുന്നത്? പരസ്പരം അധികാരം വച്ചു മാറുന്നു. നിങ്ങളുടെ പാപങ്ങളെ ഞങ്ങൾ തൊടില്ല ഞങ്ങളുടെ പാപങ്ങളെ നിങ്ങളും തൊടരുത് എന്ന പരസ്പരധാരണയിലാണവർ മുന്നോട്ടു പോകുന്നത്.
കോൺഗ്രസ്സിനു അഴിമതി ജന്മസിദ്ധമാണ്. കമ്യൂണിസ്റ്റിന്റെ വഴിയാവട്ടെ അക്രമമാണ്. അഴിമതിയെ സംബന്ധിച്ച് ഭാരതത്തിന്റെ മനോഭാവമെന്താണ്?
ഒരു കാലത്ത് രാജീവ്‌ഗാന്ധി 400ലേറേ സീറ്റുകൾ വാങ്ങി രാജ്യാധികാരമേറ്റപ്പോൾ ഇന്ന് കോൺഗ്രസ് നാലു സീറ്റുകളിലേക്ക് ചുരുങ്ങിയതു കാണാൻ സാധിക്കും. രാജീവ് ഗാന്ധി പറയുമായിരുന്നു, ഡൽഹിയിൽ നിന്നും 1 രൂപ കേരളത്തിലേയ്ക്കയച്ചാൽ കേരളത്തിൽ 15 പൈസ മാത്രമാണ് എത്തുകയെന്ന്. ബാക്കി 85 പൈസ വിഴുങ്ങിക്കൊണ്ടിരുന്നത് ആരായിരുന്നുവെന്നാണ് ഞാൻ ചോദിക്കുന്നത്. സഹോദരീസഹോദരന്മാരേ, ഞാൻ പറയുന്നു, അങ്ങു ഡൽഹിയിൽ നിന്ന് എത്ര പദ്ധതികൾ ആവിഷ്കരിച്ചാലും, എത്ര പണമയച്ചാലും ഇവിടുത്തെ ദരിദ്രർക്ക് അതു ലഭിക്കാത്ത അവസ്ഥയാണ്. ആ അവസ്ഥയ്ക്കു മാറ്റമുണ്ടാവണമെങ്കിൽ ഇവിടുത്തെ അഴിമതി രാഷ്ട്രീയക്കാരെ എന്നെന്നേക്കുമായി അധികാരത്തിൽ നിന്നു വിടപറയിപ്പിക്കണം.
കോൺഗ്രസ് കേന്ദ്രം ഭരിച്ചിരുന്നപ്പോൾ കൽക്കരി അഴിമതിയിൽ പണം തിന്നു, 2 ജിയുടെയും 3ജിയുടെയും പണം തിന്നു. ഇങ്ങനെ എത്രയെത്ര ‘ജി‘കളുടെ തിന്നുവെന്നെനിക്കറിയില്ല. എന്നാൽ ജനങ്ങളുടെ പണമാണവർ തിന്നിരുന്നത്. അതിലും വിദഗ്ദ്ധരാണ് കേരളം ഭരിക്കുന്നത്. ഡൽഹിയിൽ കൽക്കരി തിന്നെങ്കിൽ ഇവിടെയുള്ളവർ സോളാർ അഴിമതി വഴി സൂര്യനെത്തന്നെ തിന്നു. സൂര്യനെപ്പോലും കക്കുന്നവരാണിവിടെ. ജനങ്ങളെന്നെ ഡൽഹിയിലേക്ക് ആശീർവദിച്ചയച്ചു. കേരളത്തിൽ നിന്നും സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും, ഒരു വിട്ടു വീഴ്ചയുമില്ലാതെ കേരളത്തിന്റെ പുരോഗതിക്കു വേണ്ടി ബി.ജെ.പി. സർക്കാർ പ്രയത്നിക്കുകയാണ്. ഇവിടുന്ന് സീറ്റ് കിട്ടിയില്ലെങ്കിലും കേരളത്തിനു വേണ്ടി അതിശക്തമായി പ്രയത്നിക്കുന്നു. അതാണ് ബി ജെ പിയുടെ സംസ്കാരം.
കേരളത്തിൽ ഒരു സീറ്റു പോലും കിട്ടിയില്ല. പക്ഷേ കേരളം എന്റേതാണ്. കേരളത്തിന്റെ സുഖവും ദുഃഖവും എന്റേതാണ്. കേരളത്തിന്റെ ദുഃഖത്തോടൊപ്പം എന്നും ഡൽഹി ഉണ്ടായിരിക്കും. അതെന്റെ നിർബന്ധമാണ്. രണ്ട് എം.പി മാരെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാനുളള അവസരം വന്നപ്പോൾ ഞാൻ കേരളത്തിൽ നിന്നാണ് രണ്ടു പേരെ തെരഞ്ഞെടുത്തത്.
യു.പി.എ ഭരിച്ച കാലത്ത് ഇവിടെ നിന്ന് അനേകം കോൺഗ്രസ്സുകാർ ഡൽഹിയിലേക്കു തെരെഞ്ഞെടുക്കപ്പെട്ടു പോയി. എന്നാൽ ഇവിടെ പുൽമേടു ദുരന്തം നടന്നപ്പോൾ ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ല. കേരളത്തിന്റെ ദുരന്തങ്ങളിൽ എന്നും അവർ മുഖം തിരിച്ചു. എന്നാൽ ഈയടുത്തൊരു ദുരന്തമുണ്ടായപ്പോൾ ഒരു എം.പി പോലുമില്ലാത്ത സംസ്ഥാനത്തേക്ക് മണിക്കൂറുകൾക്കുളളിൽ ഭാരതത്തിന്റെ പ്രധാനമന്ത്രി ഓടിയെത്തിയത് നിങ്ങൾ ഓർക്കുന്നുണ്ടാവുമല്ലോ. മാത്രമല്ല ഞാനീയടുത്ത് സൗദിയിൽ പോവുകയുണ്ടായി. അനേകം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. രാജാവിനെ കാണാനുണ്ടായിരുന്നു. മറ്റനേകം ഉദ്യോഗസ്ഥരെ കാണാനുണ്ടായിരുന്നു. എന്നാൽ ആ ജോലിയെല്ലാം മാറ്റി വച്ച് ആദ്യം ഞാൻ കേരളീയരായ സഹോദരീസഹോദരന്മാരുടെ അടുത്തേയ്ക്കാണ് പോയത്. അവർ ജോലി ചെയ്യുന്നിടത്ത് അവരോടൊപ്പം സമയം ചിലവഴിച്ചു. ഭക്ഷണം കഴിച്ചു. അതുപോലെ തന്നെ അബുദാബിയിലും, ദുബായിലും.. മലയാളികൾ എന്റേതാണ്.
കേരളത്തിലെ തെരഞ്ഞെടുപ്പ് കാലത്ത് ഇവിടുത്തെ മുന്നണികൾ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിച്ച് വോട്ടു നേടുകയാണ്. എന്നാൽ നമ്മളെല്ലാം മലയാളികളാണ്. ഈ മുന്നണികളുടെ കാപട്യം ജനങ്ങൾ തിരിച്ചറിയണം. നമ്മുടേതായ സർക്കാർ കേരളത്തിൽ നിലവിൽ വരണം. ചിലർ പളളിയിൽ പോകും, ചിലർ മസ്ജിദിലും, ഇനിയും ചിലർ ക്ഷേത്രത്തിലും പോകും. എന്നാൽ നമ്മളെല്ലാം മലയാളികളാണ്. ഭാരതത്തിന്റെ അഖണ്ഡതയ്ക്കായി നാമെല്ലാം നിലകൊണ്ടു പ്രവർത്തിക്കണം.
സഹോദരീസഹോദരന്മാരേ, ഈ രാജ്യത്ത് അഴിമതി വന്നാൽ അതിനെ ജനങ്ങളും പാർട്ടിയും അംഗീകരിക്കുന്നു. ഇതിൽ നിന്നു മുക്തരാകാൻ സാദ്ധ്യമല്ല എന്ന തോന്നലാണ് ഇവിടുത്തെ അധികാരിവർഗ്ഗവും, രാഷ്ട്രീയക്കാരും ഉണ്ടാക്കിയിരിക്കുന്നത്. ഈ സ്ഥിതി മാറണം. ഡൽഹിയിൽ നമ്മുടെ സർക്കാരുണ്ടായിട്ട് 2 വർഷം കഴിഞ്ഞു. അതിനു മുൻപ് ഡൽഹി അഴിമതിയുടെ കേന്ദ്രമായിരുന്നെങ്കിൽ, ഇന്ന് ഡൽഹിയിൽ അഴിമതി എന്നൊരു വാക്കു പോലും പറയാൻ ആരും തയ്യാറാവുന്നില്ല.
നിങ്ങൾ നോക്കൂ, നമ്മുടെ അടുക്കളകളിൽ ഗ്യാസ് കണക്ഷൻ കൊടുക്കുന്നതിൽ പോലും അഴിമതി ചെയ്തിരുന്നവരാണിവർ. ഒരു കാലത്ത്, പാർലമെന്റംഗങ്ങൾക്ക് 25 ഗ്യാസ് കണക്ഷനുകൾ തങ്ങളുടെ മണ്ഡലങ്ങളിൽ അനുവദിച്ചു കൊടുക്കാനുളള അവസരമുണ്ടായിരുന്നു. അതിനായി അവർക്ക് കൂപ്പണുകൾ കൊടുക്കുമായിരുന്നു. എന്നാൽ ആ കൂപ്പണുകൾ ലഭിച്ചിരുന്നത് നാട്ടിലെ കരിഞ്ചന്തകളിൽ നിന്നായിരുന്നു. എന്നാൽ ബി.ജെ.പി സർക്കാർ ഗ്യാസിന്റെ കാര്യത്തിലെ അഴിമതി അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചു. അതുകൊണ്ട് സബ്സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൊടുക്കാൻ ആരംഭിച്ചു. അതോടെ കോടിക്കണക്കിനു കണക്ഷനുകൾ അപ്രത്യക്ഷമായി. കാരണം ഈ കണക്ഷനുകളെല്ലാം വ്യാജമായിരുന്നു. കോടിക്കണക്കിനു രൂപയാണ് ഇതു വഴി സർക്കാരിനു ലാഭിക്കാനായത്. നേരിട്ട് സബ്സിഡി ബാങ്കിലേക്കാണിപ്പോൾ കിട്ടുന്നത്. അതു വഴി ഗ്യാസ് വിഷയത്തിലെ അഴിമതി പൂർണ്ണമായും തുടച്ചുമാറ്റപ്പെട്ടു.
കാർഷികരംഗത്ത്, യൂറിയയിലും ഇതേ രീതിയിൽ അഴിമതിയായിരുന്നു. കരിഞ്ചന്തയിൽ യൂറിയ വാങ്ങേണ്ട അവസ്ഥയായിരുന്നു. എന്നാൽ ഈ വർഷം ഒരു കിലോ യൂറിയയ്കു പോലും കരിഞ്ചന്തയിൽ പോകേണ്ട ഗതികേട് കർഷകർക്കില്ല. ഇക്കാര്യത്തിൽ 2 വർഷത്തിനുളളിൽ മാന്ത്രികമായി അഴിമതി തുടച്ചു നീക്കിയത് പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ടാണ് ഈ കാര്യത്തിൽ അഴിമതി ഇല്ലാതാക്കാൻ കഴിഞ്ഞത്? ആര്യവേപ്പിന്റെ എസ്സൻസ് ചേർത്താണിപ്പോൾ കർഷികാവശ്യത്തിനുള്ള യൂറിയ വിതരണം ചെയ്യുന്നത്. ഇതു വഴി മറ്റു വ്യവസായങ്ങൾക്ക് യൂറിയ ഉപയോഗിക്കുന്നത് തടയാനായി. 10 കിലോ യൂറിയ വേണ്ട കർഷകന് 10 കിലോയും ഇന്നു സുലഭമാക്കാൻ ഇതു വഴി കഴിഞ്ഞു. അതു പോലെ ഈ രാജ്യത്തെ അഴിമതി മുക്തമാക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.
സർക്കാർജോലി കിട്ടാൻ എഴുത്തു പരീക്ഷ പാസായാൽ പോലും ഇന്റർവ്യൂവിൽ പോകുമ്പോൾ ആരുടെയടുത്തു കൈക്കൂലി കൊടുത്താലാണ് ജോലി കിട്ടുന്നതെന്ന് തിരക്കേണ്ട അവസ്ഥയായിരുന്നു ഇവിടെ. നമ്മൾ തീരുമാനിച്ചു ഇങ്ങനെ നമ്മുടെ ചെറുപ്പക്കാർ സർക്കാർ ജോലിക്കായി കൈക്കൂലി കൊടുക്കാൻ അന്വേഷിച്ചു നടക്കേണ്ട അവസ്ഥ ഇല്ലാതാക്കണമെന്ന്. ഇതിന്റെ ഭാഗമായാണ് ഇന്റർവ്യൂ ഇല്ലാതെ സർക്കാർ ജോലി നൽകാൻ തീരുമാനിച്ചത്. അങ്ങനെ അവിടുത്തെ അഴിമതിയും തുടച്ചു നീക്കപ്പെട്ടു. ഈ രാജ്യത്തു വികസനമുണ്ടാകണമെങ്കിൽ അഴിമതിയില്ലാതാകണം.
നാലുവശവും അഴിമതിയാണെങ്കിൽ വികസനമണ്ടാവില്ല. എല്ലാവരോടുമൊപ്പം എല്ലാവരുടെയും വികസനമെന്നതാണ്… വികസനം, വികസനം മാത്രമാണ് നമ്മുടെ മുദ്രാവാക്യം.
എൻഡിഎയുടെയും, ബിജെപിയുടെയും സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് നിങ്ങളോട് അപേക്ഷിക്കാൻ വേണ്ടിയാണ് ഞാൻ വന്നത്. കേരളത്തിന്റെ ഭാവി ശോഭനമാക്കാൻ വേണ്ടി അഴിമതി മുന്നണികളെ തുടച്ചു മാറ്റി എൻഡിഎ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം.
സമൃദ്ധകേരളം, സുരക്ഷിത കേരളം, സ്വച്ഛകേരളം, അഴിമതിരഹിതകേരളം ഇതാണ് എൻ.ഡി.എ മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യം.സമ്പൂർണ്ണ മാറ്റത്തിനു വേണ്ടി, നമുക്കു വേണ്ടി, നാളേയ്ക്കു വേണ്ടി നമുക്കു ഒന്നിച്ചു നീങ്ങാം എൻ.ഡി.എയ്ക്കൊപ്പം. നിങ്ങൾക്കേവർക്കും എന്റെ നമസ്ക്കാരം…
Show More

Related Articles

Close
Close