കുടുംബങ്ങള്‍ക്ക് കുവൈത്തിലേക്കുള്ള വിസിറ്റിങ് വിസ വീണ്ടും മൂന്ന് മാസമാക്കി ; ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദി ചുറ്റിക്കാണാനുള്ള അവസരവും

ഭാര്യയ്ക്കും മക്കള്‍ക്കുമുള്ള കുടുംബ സന്ദര്‍ശക വിസ കാലാവധി വീണ്ടും മൂന്ന് മാസമാക്കി കുവൈത്ത്. നേരത്തെ മൂന്നു മാസം കാലാവധിയുണ്ടായിരുന്നുവെങ്കിലും ഇത് ഈയിടയ്ക്ക് ഒരു മാസമാക്കി കുറച്ചിരുന്നു. അതേസമയം, അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, എന്നിവര്‍ക്കുള്ള വിസിറ്റിങ് വിസ കാലാവധി ഒരു മാസം തന്നെയായിരിക്കും. വാണിജ്യ വിസ കാലാവധിയും ഒരു മാസം മാത്രമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഭാര്യയുടെയും മക്കളുടെയും വിസിറ്റിങ് വിസയുടെ ഒരുമാസ കാലാവധി കഴിഞ്ഞാഴ്ച അവസാനിച്ച കേസുകളില്‍ മൂന്ന് മാസത്തേക്ക് പുതിയ സന്ദര്‍ശക വിസ അനുവദിക്കുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട്- പൗരത്വ വിഭാഗം അസി.അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഷെയ്ഖ് ഫൈസല്‍ അല്‍ നവാഫ് അല്‍ സബാഹ് പറഞ്ഞു. കൂടുതല്‍ കാലം കുടുംബസമേതം ഒരുമിച്ച് കഴിയുന്നത് മാനുഷിക പരിഗണനയുടെ പുറത്താണെന്നും പ്രാദേശിക വിപണിയില്‍ ഗുണമുണ്ടാകുമെന്നതിനാലുമാണെന്ന് സബാഹ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉംറ യാത്രക്കാര്‍ക്കു ടൂറിസം പാക്കേജിലൂടെ സൗദിയിലെ മറ്റു നഗരങ്ങള്‍ ചുറ്റി കാണാനും അവസരം. ഇതിന് ഉംറ മന്ത്രാലയം അംഗീകാരം നല്‍കി. ഇതിനായി വിസ നീട്ടി നല്‍കാനാണു പദ്ധതിയെന്നു ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ അപേക്ഷയോടൊപ്പം ടൂറിസം പാക്കേജിനു താത്പര്യമുണ്ടെന്ന വിവരം അറിയിക്കുന്നവര്‍ക്കാണ് അവസരം. സഞ്ചാരികളുടെ ആവശ്യമനുസരിച്ച് രാജ്യം ചുറ്റിക്കാണാന്‍ വിസ കാലാവധി നീട്ടി നല്‍കും.

Show More

Related Articles

Close
Close