കാലിത്തീറ്റ കുംഭകോണക്കേസ്: ലാലുപ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും

കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവ് ശിക്ഷ. 5 ലക്ഷം രൂപ പിഴയും അടയ്ക്കണം. ലാലുവിനൊപ്പം കുറ്റക്കാരായി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയ 15 പേർക്കും ഇതേ ശിക്ഷയാണ് വിധിച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നു തവണ ശിക്ഷാ പ്രഖ്യാപനം മാറ്റിവച്ച ശേഷമാണ് ഇന്നു വിധി പറഞ്ഞത്. കേസിൽ 21 വർഷത്തിനുശേഷമാണു വിധി വന്നിരിക്കുന്നത്.

അതേസമയം, ശിക്ഷ വിധിച്ച റാഞ്ചിയിലെ കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല. ഇതോടെ ജാമ്യത്തിനായി ഇവർക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. കോടതി അവരുടെ ദൗത്യമാണ് ചെയ്തതെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും വിധിക്കുപിന്നാലെ ലാലുവിന്റെ മകൻ തേജസ്വി യാദവ് വ്യക്തമാക്കി. ഹൈക്കോടതിയിൽനിന്ന് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മറ്റൊരു മകനായ തേജ് പ്രതാപും പറഞ്ഞു.

ആകെ 38 പ്രതികളുള്ള കേസിൽ 11 പേർ മരിച്ചു. മൂന്നുപേർ മാപ്പുസാക്ഷികളായി. രണ്ടുപേർ കുറ്റമേറ്റ് ശിക്ഷ വാങ്ങി. ബാക്കിയുള്ള 22 പ്രതികളിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 16 പേരുടെ ശിക്ഷയാണ് ഇന്ന് വിധിച്ചത്. ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉൾപ്പെടെ ആറുപേരെ തെളിവുകളുടെ അഭാവത്തിൽ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു.

ജാർഖണ്ഡിലെ ഡിയോഹർ ജില്ലാ ട്രഷറിയിൽ വ്യാജ ബില്ലുകൾ നൽകി 89.27 ലക്ഷം രൂപ തട്ടിയെന്നാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ലാലുവിനെതിരായ രണ്ടാം കേസ്. കേസിൽ ലാലു കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയ കോടതി, 1990നുശേഷം ലാലു സമ്പാദിച്ച മുഴുവൻ സ്വത്തും കണ്ടുകെട്ടാൻ ഉത്തരവിട്ടിരുന്നു.

ഇന്നലെ, ലാലു ഉൾപ്പെടെ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ വാദം വിഡിയോ കോൺഫറൻസിലൂടെ കേട്ട ജഡ്ജി വിധി പറയാനായി ഇന്നേയ്ക്കു മാറ്റുകയായിരുന്നു. ലാലു ഉൾപ്പെടെ 16 പേർ കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞമാസം 23നു കണ്ടെത്തിയിരുന്നു. ലാലുവിനുവേണ്ടി പലരും തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും എന്നാൽ, ആരെയും ഭയമില്ലെന്നും വാദമധ്യേ ജഡ്ജി ശിവ്പാൽ സിങ് വ്യക്തമാക്കിയിരുന്നു.

കുറ്റക്കാരനാണെന്നു കണ്ടെത്തിയ വിധിക്കു പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത ലാലു, റാഞ്ചിയിലെ ബിർസ മുണ്ട സെൻട്രൽ ജയിലിലാണുള്ളത്. സംസ്ഥാന വിഭജനത്തിനു മുൻപു ബിഹാറിൽ ഉൾപ്പെട്ടതും ഇപ്പോൾ ജാർഖണ്ഡിന്റെ ഭാഗവുമായ ഡിയോഹർ ജില്ലാ ട്രഷറിയിൽനിന്നു ലാലു മുഖ്യമന്ത്രിയായിരുന്ന 1991–94 കാലയളവിലാണു തുക പിൻവലിച്ചത്.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ടു ലാലു പ്രസാദ് യാദവിനെതിരെ സിബിഐ അഞ്ചു കേസുകളാണു റജിസ്റ്റർ ചെയ്തത്. ഇതിൽ രണ്ടാമത്തെ കേസിലെ വിധിയാണ് ഇന്നു വന്നത്. ബാക്കിയുള്ള മൂന്നു കേസുകളിൽ വിചാരണ നടക്കുന്നു. ആകെ 61 കേസിൽ 53 കേസുകളാണു സിബിഐ പ്രത്യേക കോടതിയുടെ പരിഗണനയിലുള്ളത്. ഇതിൽ 44 എണ്ണത്തിലായി 500 പേർക്കു ശിക്ഷ ലഭിച്ചിട്ടുണ്ട്. കാലിത്തീറ്റയും മരുന്നും ഉപകരണങ്ങളും വാങ്ങിയതിലും വളർത്തു മൃഗങ്ങളെ വിതരണം ചെയ്തതിലും വ്യാജ ബില്ലുകളും രേഖകളും ഉപയോഗിച്ചു രാഷ്ട്രീയ– ഉദ്യോഗസ്ഥ സംഘം 1000 കോടിയുടെ വെട്ടിപ്പു നടത്തിയതായാണു കേസ്.

Show More

Related Articles

Close
Close