ലേസര്‍ ലൈറ്റുമായി BMW

BMWസര്‍ക്കസ് കൂടാരങ്ങളില്‍ നിന്ന് രാത്രി ആകാശത്തേക്കടിക്കുന്ന ലേസര്‍ പ്രകാശം കണ്ടിട്ടില്ലേ? അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലെങ്ങും ആകാശത്ത് ഈ വെളിച്ചം കാണാനാകും. സര്‍ക്കസ് നഗരത്തിലെത്തിയെന്ന് നാട്ടുകാരെ അറിയിക്കാനുളള മാര്‍ഗ്ഗമാണത്. അതുപോലൊരു പ്രകാശം കാറിന്റെ ഹെഡ്‌ലൈറ്റില്‍ നിന്ന് ഉണ്ടായാലെങ്ങനെയിരിക്കും? തെരുവുവിളക്കുകളുടെ സഹായമൊന്നുമില്ലാതെ നിരത്തുകളെ വെളിച്ചത്തില്‍ കുളിപ്പിക്കാന്‍ നാലോ അഞ്ചോ കാറുകള്‍ മതിയാകുമെന്നുറപ്പ്. കിലോമീറ്ററുകള്‍ അകലെ വരെ വ്യക്തമായി കാണാമെന്നതിനാല്‍ രാത്രിയിലെ അപകടങ്ങള്‍ ഗണ്യമായി കുറയുകയും ചെയ്യും. എല്‍ .ഇ.ഡി. ലൈറ്റ് സംവിധാനത്തിന് ശേഷം ഇനി ലേസര്‍ ലൈറ്റിനെ പുണരാനൊരുങ്ങുകയാണ് കാര്‍ വ്യവസായം. അതിന് തുടക്കമിട്ടതോ ബി.എം.ഡബ്ല്യുവും.

എല്‍ .ഇ.ഡി. കാറിന്റെ ഹെഡ്‌ലൈറ്റായി ആദ്യം ഉപയോഗിച്ചുതുടങ്ങിയത് ഔഡിയാണ്. ലോകമെങ്ങും എല്‍.ഇ.ഡി. വിദ്യ തരംഗം സൃഷ്ടിക്കുന്നതിനുമുമ്പ് തന്നെ ഔഡി കാറുകളുടെ ഹെഡ്‌ലൈറ്റില്‍ എല്‍ .ഇ.ഡി. പ്രത്യക്ഷപ്പെട്ടിരുന്നു. 2003ലെ ഡെട്രോയിറ്റ് ഓട്ടോേെഷായില്‍ കമ്പനി അവതരിപ്പിച്ച പൈക്ക്‌സ് പീക്ക് ക്വാട്രോ കോണ്‍സെപ്റ്റ് വാഹനത്തില്‍ എല്‍ .ഇ.ഡി. ഫോഗ് ലൈറ്റുകളുണ്ടായിരുന്നു. ബമ്പറിനുമുകളില്‍ ഒരു വരപോലെ പിടിപ്പിച്ച എല്‍ .ഇ.ഡി. ലൈറ്റുകള്‍ കണ്ട് പലരും മൂക്കത്ത് വിരല്‍വെച്ചു. ഈ ഇത്തിരിപ്പോന്ന ലൈറ്റ് കൊണ്ട് എന്താകാനെന്ന പരിഹാസമായിരുന്നു അവര്‍ക്കൊക്കെ.

തുടര്‍ന്നിറങ്ങിയ 12 സിലിണ്ടര്‍ എ8 മോഡലിലും എല്‍ .ഇ.ഡി. ലൈറ്റുകള്‍ തന്നെ ഘടിപ്പിച്ചുകൊണ്ട് ഔഡി വീണ്ടും വാര്‍ത്തകളില്‍ ഇടംനേടി. ഇന്നിപ്പോള്‍ ഔഡി വാഹനങ്ങളുടെ മുഖമുദ്രയായി എല്‍ .ഇ.ഡി. ഹെഡ്‌ലൈറ്റുകളും ടെയില്‍ ലാമ്പുകളും മാറിക്കഴിഞ്ഞു. ഒളിംപിക് വലയങ്ങളെ ഓര്‍മിപ്പിക്കുന്ന കമ്പനി ലോഗോയുടെ രൂപത്തില്‍ തെളിഞ്ഞുകത്തുന്ന എല്‍.ഇ.ഡി. ടെയില്‍ ലാമ്പുകളുമായി ഔഡി കാറുകള്‍ നമ്മുടെ നിരത്തുകളിലും ഒഴുകുന്നത് കാണാം.

ഇപ്പോഴിതാ ലേസര്‍ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ്‌ലൈറ്റുകളുമായി ബി.എം.ഡബ്ല്യു. ഔഡിയെ കടത്തിവെട്ടിയിരിക്കുകയാണ്. ഈ വര്‍ഷം പകുതിയോടെ നിരത്തുകളിലിറങ്ങുന്ന ബി.എം.ഡബ്ല്യു. ഐ8 എന്ന ഹൈബ്രിഡ് കാറില്‍ ലേസര്‍ ലൈറ്റ് സാങ്കേതികവിദ്യയാകും പ്രകാശം പരത്തുക. ലേസര്‍ ഹെഡ്‌ലൈറ്റ് ഉപയോഗിക്കുന്ന ലോകത്തെ ആദ്യകാര്‍ എന്ന ബഹുമതിയും ഇതോടെ ബി.എം.ഡബ്ല്യു. സ്വന്തമാക്കും. കഴിഞ്ഞയാഴ്ച സമാപിച്ച ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഐ8 പ്രദര്‍ശിപ്പിച്ചിരുന്നു.

ഇപ്പോഴിറങ്ങുന്ന പുതിയ കാറുകളിലെല്ലാമുളളതുപോലെ എല്‍ .ഇ.ഡി. ഹെഡ്‌ലാംപുകളും ഐ8ലുണ്ടാകും. ലേസര്‍ ലൈറ്റ് സംവിധാനം ഓപ്ഷനല്‍ ഫീച്ചറാണെന്നര്‍ഥം. 600 മീറ്റര്‍ ദൂരം വരെ ഹൈബീം പ്രകാശമെത്തിക്കാന്‍ ലേസര്‍ ലൈറ്റിനാകും. എല്‍.ഇ.ഡി. ലൈറ്റിനേക്കാള്‍ 30 ശതമാനം ഇന്ധനക്ഷമത അധികമാണ് ലേസര്‍ ലൈറ്റുകള്‍ക്ക്. ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന പ്രദേശം മുഴുവന്‍ ചൂടാകും എന്നതാണ് സാധാരണ ഹെഡ്‌ലൈറ്റുകളുടെ പോരായ്മ. ലേസര്‍ ലൈറ്റുകളില്‍ ഇത്തരമൊരു പ്രശ്‌നമേയുണ്ടാകില്ല. സാധാരണ ലൈറ്റ് ഡയോഡുകളുടെ പത്തിലൊന്നു വലിപ്പമേ ലേസര്‍ ഡയോഡിനുണ്ടാകൂ. ഹെഡ്‌ലാംപുകളുടെ വലിപ്പം മാത്രമല്ല ഭാരം കുറയ്ക്കാനും ഇത് സഹായിക്കും. പ്രകാശം ഇരട്ടിയാക്കുന്ന റിഫ്ലാക്ടറുടെ വലിപ്പവും കാര്യമായി കുറയ്ക്കാനാകും. ചെറിയ കാമറകളുപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാകും ലേസര്‍ ലൈറ്റുകള്‍. തൊട്ടുമുന്നില്‍ വാഹനങ്ങളെത്തിയാല്‍ ലേസര്‍ലൈറ്റിന്റെ തീഷ്ണത തനിയെ കുറയും. അതിനാല്‍ എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറുടെ കാഴ്ചയ്ക്കും തടസമൊന്നും ലൈറ്റ് സൃഷ്ടിക്കില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close