എന്‍എസ്എസ്സിന്റെ പോക്ക് അബദ്ധങ്ങളിലേക്ക്‌, തിരിച്ചടിച്ച് സര്‍ക്കാരും സിപിഎമ്മും സിപിഐയും

സര്‍ക്കാരിനെതിരെ എന്‍ എസ്സ് എസ്സ് നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇടതുപക്ഷവും ,സംസ്ഥാന മന്ത്രിമാരും രംഗത്തെത്തി. ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് നടക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണം സംസ്ഥാന സര്‍ക്കാരാണെന്നും, നവോത്ഥാനത്തിന്റെ പേരില്‍ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ആസൂത്രിത ശ്രമമാണിതെന്നും എന്‍എസ്എസ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

മന്ത്രിമാരായ ഇ.പി.ജയരാജന്‍ കടകംപള്ളി സുരേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ സുകുമാരന്‍ നായരുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി.

എന്‍എസ്എസിന്റെ നിലപാട് കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സംഘര്‍ഷത്തിന് ഉത്തരവാദി ആരെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കറിയാം. വിശ്വാസവും ഭരണഘടനയും സംരക്ഷിക്കേണ്ടതു സര്‍ക്കാരിന്റെ ചുമതലയാണ്. വളരെ വലിയ നവോത്ഥാന പാരമ്പര്യമുള്ള പ്രസ്ഥാനമാണ് എന്‍എസ്എസ്. രാജ്യത്ത് ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച് അധികാരംപിടിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിന് കുടപിടിക്കുന്ന സമീപനം എന്‍എസ്എസ് പോലൊരു പ്രസ്ഥാനത്തില്‍ നിന്നുണ്ടാവാന്‍ പാടില്ലാത്തതാണെന്നും കടകംപ്പള്ളി പറഞ്ഞു.

എന്‍എസ്എസിന്റെ പ്രസ്താവന നിലവാരമില്ലാത്തതാണെന്നായിരുന്നു മന്ത്രി ഇ.പി.ജയരാജന്റെ പ്രസ്താവന. എന്‍എസ്എസ് അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേക്കാണ് പോകുന്നത്. എന്‍എസ്എസ് തെറ്റുതിരുത്തണം, ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിശ്വാസികളുടെ പേരില്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ സഹായിക്കാനുമാണ് അവര്‍ ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. അതേസമയം, എന്‍എസ്എസ് സമദൂരത്തോടെയല്ല കാര്യങ്ങള്‍ കാണുന്നതെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. സമൂഹത്തെ വിശ്വാസത്തിന്റെ പേരില്‍ വിഭജിച്ച് ഇടതുപക്ഷത്തെ എതിര്‍ക്കാമെന്നുള്ള എന്‍എസ്എസിന്റെ ശ്രമം നടക്കില്ലെന്നും കാനം വ്യക്തമാക്കി.

MM

Show More

Related Articles

Close
Close