ബി.സി.സി.ഐയില്‍ പരിഷ്‌ക്കരണ കൊടുങ്കാറ്റുയര്‍ത്തി ജസ്റ്റിസ് ആര്‍.എം. ലോധ

Justice-lodha
ക്രിക്കറ്റിനെ നിയന്ത്രിക്കാന്‍ ഇനി രാഷ്‌ട്രീയക്കാരും വ്യവസായികളും വേണ്ടെന്നു വ്യക്‌തമാക്കി ജസ്‌റ്റിസ്‌ ലോധ കമ്മിറ്റി റിപ്പോര്‍ട്ട്‌. ബി.സി.സി.ഐയുടെ ഘടനയും ഭരണഘടനയും മാറണമെന്നതടക്കമുള്ള ശിപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട്‌ സുപ്രീം കോടതിക്കു സമര്‍പ്പിച്ചു.

ബി.സി.സി.ഐ.യ്ക്കും ഐ.പി.എല്ലിനും രണ്ട് വ്യത്യസ്ത ഭരണസമിതികള്‍ വേണം എന്നതാണ് സമര്‍പ്പിക്കപ്പെട്ട നിര്‍ദേശങ്ങളില്‍ പ്രധാനം. ഐ.പി.എല്‍ ഭരണസമിതിക്ക് നിയന്ത്രിത സ്വയംഭരണാധികാരം മതിയെന്നും കളിക്കാരുടെ അസോസിയേഷന്‍ രൂപവത്കരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഐ.പി.എല്‍. ഒത്തുകളി വിവാദത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ബി.സി. സി.ഐയുടെ ഘടനയിലും പ്രവര്‍ത്തനങ്ങളിലും വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാനായി ജസ്‌റ്റിസ്‌ ആര്‍.എം. ലോധയുടെ നേതൃത്വത്തില്‍ സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചത്‌. ആരോപണവിധേയരായവര്‍ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതു തടയണമെന്നും ഭാരവാഹിത്വം തുടരുന്നതിന്‌ സമയപരിധി നിശ്‌ചയിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്‌.

ഐ.പി.എല്‍ ഭരണസമിതിയില്‍ സമൂലമായ പൊളിച്ചെഴുത്ത് വേണം. ഒന്‍പതംഗ ഗവേണിങ് കൗണ്‍സിലിനായിരിക്കും ഐ.പി.എല്ലിന്റെ ഭരണച്ചുമതല. സാമ്പത്തിക കാര്യങ്ങളുടെ ചുമതലയും ഈ ഗവേണിങ് കൗണ്‍സിലിനായിരിക്കും. ബി.സി.സി.ഐയുടെ സെക്രട്ടറിയും ട്രഷററും എക്‌സ്ഒഫിഷ്യോ അംഗങ്ങളായിരിക്കും. രണ്ട് അംഗങ്ങളെ മറ്റ് മുഴുവന്‍ സമയ അംഗങ്ങള്‍ നാമനിര്‍ദേശം ചെയ്യുകയോ തിരഞ്ഞെടുക്കുകയോ വേണം. ബാക്കിയുള്ള അഞ്ച് പേരില്‍ രണ്ടുപേര്‍ ഫ്രാഞ്ചൈസികളുടെ പ്രതിനിധികളായിരിക്കും. ഒരാള്‍ കളിക്കാരുടെ അസോസിയേഷന്റെ പ്രതിനിധിയും. മറ്റൊരാള്‍ സി.എ.ജിയുടെ (കോംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍). ബി.സി.സി.ഐ.യില്‍ ഒരു സി.ഇ.ഒ തസ്തിക സൃഷ്ടിക്കണം. ദൈനംദിന ഭരണകാര്യങ്ങളുടെ ചുമതല അദ്ദേഹത്തിനായിരിക്കും. ഈ സി. ഇ.ഒയെ സഹായിക്കാന്‍ ആറ് പ്രൊഫഷണല്‍ മാനേജര്‍മാര്‍ വേണം.

ബി.സി.സി.ഐയുടെ ഭാരവാഹികളുടെ പ്രായം പരമാവധി 70 വയസും കാലാവധി പരമാവധി ഒമ്പതു വര്‍ഷവുമാക്കുക, സെലക്ഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള അധികാരം വാര്‍ഷിക ജനറല്‍ ബോഡിക്കു നല്‍കുക, സംസ്‌ഥാനത്ത്‌ ഒരു ക്രിക്കറ്റ്‌ അസോസിയേഷനെ മാത്രം അംഗീകരിക്കുക, മുഴുവന്‍സമയ അംഗങ്ങളായ ഇവര്‍ക്കു മാത്രം വോട്ടവകാശം നല്‍കുക, സംസ്‌ഥാന അസോസിയേഷനുകളില്‍ നിന്ന്‌ ബി.സി.സി.ഐ. ഭാരവാഹികള്‍ മാറിനില്‍ക്കുക, ബി.സി.സി.ഐ. അധ്യക്ഷനെ മേഖലാ അടിസ്‌ഥാനത്തില്‍ ഊഴമിട്ട്‌ തെരഞ്ഞെടുക്കുന്ന രീതി ഒഴിവാക്കുക, ബോര്‍ഡിനെ റജിസ്‌ട്രേഷന്‍ സൊസൈറ്റി മാതൃകയില്‍ നിന്ന്‌ മാറ്റി കമ്പനിയോ ട്രസ്‌റ്റോ ആക്കുക, അസോസിയേഷനുമായി ബന്ധപ്പെട്ട നിയമനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ ശിപാര്‍ശകളും അടങ്ങിയതാണ്‌ റിപ്പോര്‍ട്ട്‌.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close