ഗുരുവായൂരില്‍ ഓടിക്കൊണ്ടിരിക്കെ ലക്ഷ്വറി ബസ് കത്തിയമര്‍ന്നു

തൃശൂര്‍ ജില്ലയിലെ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസ് കത്തിയമര്‍ന്നു. ഗുരുവായൂരില്‍ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയ ലക്ഷ്വറി ബസ് കടപ്പുറം ഞോളീ റോഡില്‍ വെച്ചാണ് കത്തിയത്. ബസ്സില്‍ യാത്രക്കാരൊന്നും ഉണ്ടാകാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ്സിലുണ്ടായിരുന്ന ഡ്രൈവറായ ഗുരുവായൂര്‍ സ്വദേശി ഷഫ്‌നാസ് (30) ചാടി രക്ഷപ്പെട്ടു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ബസിന്റെ പുറകില്‍ നിന്നു തീ പടരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. തീ പടരുന്നത് കണ്ട ബൈക്ക് യാത്രികരാണ് ഡ്രൈവറെ കാര്യം അറിയിച്ചത്. തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി ഓടി രക്ഷപ്പെടുകയായിരുന്നു. ബസ് കത്തുന്നതു കണ്ട പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു.

ഗുരുവായൂരില്‍ നിന്ന് അഗ്‌നിരക്ഷാസേനയുടെ രണ്ടു യൂണിറ്റും നാട്ടികയില്‍ നിന്നുള്ള ഒരു യൂണിറ്റും എത്തിയാണ് തീ അണച്ചത്. തീ പടരാനുളള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി മുഹമ്മദ് ഷഹീദിന്റേതാണ് ബസ്.

Show More

Related Articles

Close
Close