പ്രളയക്കെടുതി വ്യാപിക്കാന്‍ കാരണം അശാസ്ത്രീയമായി ഡാമുകള്‍ ഒന്നിച്ച് തുറന്ന് വിട്ടതെന്ന് മാധവ് ഗാഡ്ഗില്‍

കേരളത്തിലെ പ്രളയക്കെടുതിക്ക് പിന്നില്‍ ഡാം മാനേജ്‌മെന്റിന്റെ പാളിച്ചയുണ്ടെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രഞ്ജന്‍ മാധവ് ഗാഡ്ഗില്‍. അശാസ്ത്രീയമായി ഡാമുകള്‍ ഒന്നിച്ച് തുറന്ന് വിട്ടത് പ്രളയക്കെടുതി വ്യാപിക്കുന്നതിന് കാരണമായി. ദീര്‍ഘകാലമായി പശ്ചിമഘട്ടത്തില്‍ നടക്കുന്ന ഖനനവും പ്രകൃതി ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. കേരളം സാക്ഷ്യം വഹിച്ചത് മനുഷ്യനിര്‍മ്മിത ദുരന്തത്തിനാണ്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് മാധവ് ഗാഡ്ഗില്‍ ഇക്കാര്യം വെളുപ്പെടുത്തിയത്. വളരെ വലിയ പ്രകൃതി ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ഇതിനു പിന്നിലെ മുഖ്യകാരണം പശ്ചിമഘട്ടത്തിലുള്ള ക്വാറികളും മണ്ണിടിച്ചിലുമാണ്. ഡാമുകളുടെ ജലനിരപ്പ് ശാസ്ത്രീയമായി നിയന്ത്രിക്കുന്നതില്‍ പാളിച്ച സംഭവിച്ചു. അപ്രതീക്ഷിതമായിട്ടാണ് ഡാമുകള്‍ പലതും തുറന്നത്. ഇതും പല സ്ഥലങ്ങളും വെള്ളത്തിലാക്കുന്നതിന് കാരണമായി.

സംസ്ഥാനത്ത് നിലവില്‍ നിയമവിരുദ്ധമായ പല പാറമടകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ നിയമവിധേയമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതും ദുരന്തം വീണ്ടും ആവര്‍ത്തിക്കുന്നതിന് കാരണമായി മാറും. തന്റെ റിപ്പോര്‍ട്ടില്‍ 50 വര്‍ഷങ്ങള്‍ പഴക്കമുള്ള ഡാമുകള്‍ ഡീകമ്മീഷന്‍ ചെയ്യണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. അതിനെക്കുറിച്ച് ഇനി ചിന്തിക്കണം. പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണം നടത്തുമ്പോള്‍ ശാസ്ത്രീയമായതും പ്രകൃതിസൗഹൃദമായിട്ടും വേണം പ്രവര്‍ത്തനങ്ങളെന്നും ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Close
Close