ദേശീയ സീനിയര്‍ ഓപ്പണ്‍ അത്‌ലറ്റ്: മലയാളിയായ എം.ശ്രീശങ്കറിന് ലോങ് ജമ്പില്‍ റെക്കോര്‍ഡോടെ സ്വര്‍ണം

ദേശീയ സീനിയര്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സിലെ ലോങ് ജമ്പില്‍ മലയാളിയായ എം.ശ്രീശങ്കറിന് ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം. അഞ്ചാം ശ്രമത്തില്‍ 8.20 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കര്‍ റെക്കോര്‍ഡിട്ടത്. ഇതോടെ അങ്കിത് ശര്‍മയുടെ റെക്കോര്‍ഡ് പഴങ്കഥയായി. കരിയറില്‍ ആദ്യമായാണ് ശ്രീശങ്കര്‍ എട്ടുമീറ്റര്‍ ചാടുന്നത്. മീറ്റിലെ കേരളത്തിന്‌റെ ആദ്യ സ്വര്‍ണം കൂടിയാണിത്.

ടി.സി. യോഹന്നാനു ശേഷം ദേശീയ സീനിയര്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ മലയാളിയാണ് ശ്രീ ശങ്കര്‍. കായികകുടുംബത്തില്‍ നിന്നു വരുന്ന ശ്രീശങ്കര്‍ മുന്‍ കായിക താരങ്ങളായ മുരളിയുടേയും കെ.എസ്.ബിജിമോളുടേയും മകനാണ്.

പാലക്കാട്ടുകാരനായ ശ്രീശങ്കര്‍ ഫെഡറേഷന്‍ കപ്പില്‍ 7.99 മീറ്റര്‍ ചാടി ജൂനിയര്‍ ദേശീയ റെക്കോര്‍ഡിട്ടതോടെയാണ് താരമാകുന്നത്. 2014 സ്‌റ്റേറ്റ് ഇന്‌റര്‍ ക്ലബ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലും സൗത്ത്‌സോണ്‍ മീറ്റിലും ദേശീയ ജൂനിയര്‍ മീറ്റിലും ശങ്കര്‍ സ്വര്‍ണം നേടിയിരുന്നു. 2015 സ്‌റ്റേറ്റ് യൂത്ത അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

കൊച്ചിയില്‍ 2016 ഒക്‌ടോബറില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റില്‍ 7.62 മീറ്റര്‍ ചാടിയാണ് അണ്ടര്‍ 18 ലോക റാങ്കിങില്‍ അഞ്ചാമനാകുന്നത്. കോയമ്പത്തൂരില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റിലും സ്വര്‍ണം നേടിയിരുന്നു. ഫെബ്രുവരിയില്‍ തെഹ്‌റാനില്‍ നടന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ലോങ് ജമ്പ് ടീമിലും ഇടം നേടിയിരുന്നു. യൂത്ത് നാഷ്ണല്‍ മീറ്റിലും ദേശീയ സ്‌കൂള്‍ മീറ്റിലും റെക്കോര്‍ഡ് നേടിയ താരം ഡല്‍ഹി ഗ്രാന്‌റ് പ്രീ ചാംപ്യന്‍ഷിപ്പിലും ജേതാവായിരുന്നു. ദേശീയ തലത്തില്‍ ഇതിനോടകം 15 സ്വര്‍ണമാണ് ലോങ് ജമ്പില്‍ നിന്ന് നേടിയത്.

Show More

Related Articles

Close
Close