പ്രളയക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖറും 25 ലക്ഷം രൂപ നല്കി

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി മമ്മൂട്ടിയും ദുല്‍ഖറും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും 25 ലക്ഷം രൂപ സംഭാവന ചെയ്തു. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ളയെയാണ് തുക ഏല്‍പ്പിച്ചത്.
ദുരിതാശ്വാസ നിധിയിലേയ്ക്ക് നടന് മോഹന്‍ലാല്‍ 25 ലക്ഷം രൂപ കൈമാറുമെന്ന് അറിയിച്ചിരുന്നു. മോഹന്‍ലാല്‍ പ്രസിഡന്റായ ചലച്ചിത്രതാരങ്ങളുടെ സംഘടനയായ A.M.M.A 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. എന്നാല്‍ അന്യഭാഷാ ചലച്ചിത്ര താരങ്ങള്‍ ഇതിലും കൂടുതല്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്.
പ്രളയക്കെടുതിയെ നേരിടാന്‍ തമിഴ് താരസംഘടനയായ നടികര്‍ സംഘം അഞ്ച് ലക്ഷം രൂപ കൈമാറുമെന്ന് അറിയിച്ചിരുന്നു. കൂടാതെ നടന് കമലഹാസന് , യുവതാരങ്ങളായ സൂര്യ സഹോദരന് കാര്‍ത്തി, വ്യവസായികളായ എം.എ.യൂസഫലി ,ബി.ആര്.ഷെട്ടി, ഡോ.ആസാദ് മൂപ്പന് എന്നിവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്കി.