പക്കാവട കരിഞ്ഞതിന് അമ്മായിഅമ്മയെ കൊലപ്പെടുത്തി; ഒളിവില്‍ പോയ മരുമകന്‍ പിടിയില്‍

പക്കാവട കരിഞ്ഞു പോയതിന് അമ്മായിഅമ്മയെ കൊലപ്പെടുത്തിയ ഡല്‍ഹി സ്വദേശി പിടിയില്‍.  ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ വച്ച് 10 കിലോമീറ്ററോളം പിന്തുടര്‍ന്നാണ് അഫ്രോസ് എന്ന 24 കാരനെ പിടിച്ചത്. കൊല നടത്തിയതിന് ശേഷം കുറെ മാസങ്ങളായി അഫ്രോസ് ഒളിവിലായിരുന്നു.

ഡല്‍ഹി കേശവ്പുരം ഗ്രാമത്തിടുത്താണ് അഫ്രോസ് താമസിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് സെയ്സ്റ്റ എന്ന യുവതിയെ അഫ്രോസ് വിവാഹം കഴിച്ചത്. കല്യാണം കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്ക് ശേഷം സെയ്സ്റ്റയുടെ മാതാവ് ഫൗസിദ ഇവര്‍ക്കൊപ്പം താമസിക്കാനെത്തി. ഒരു ദിവസം സെയ്സ്റ്റ എല്ലാവര്‍ക്കും പക്കാവട ഉണ്ടാക്കി കൊടുത്തു. എന്നാല്‍ പക്കാവട കരിഞ്ഞു പോയെന്നും തണുത്തതാണെന്നും പറഞ്ഞ് അഫ്രോസ് ഭാര്യയോട് കയര്‍ത്തു. ഇവരുടെ തര്‍ക്കം പരിഹരിക്കാനെത്തിയ ഫൗസിദയെ ഇയാള്‍ കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.

സംഭവം നടന്നതിന് ശേഷം അഫ്രോസിനെ പിടികൂടാന്‍  പൊലീസ് ശ്രമം തുടങ്ങിയിരുന്നു. ഉത്തര്‍ പ്രദേശ്, ഡല്‍ഹി, മുംബൈ തുടങ്ങിയിവിടങ്ങളില്‍ ഇയാള്‍ മാറി മാറി  താമസിക്കുകയായിരുന്നു. അഫ്രോസ് ഗാസിപൂരിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാളെ പിന്തുടര്‍ന്ന് പൊലീസ് ഇവിടെത്തിയത്. അഫ്രോസിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് പത്ത് കിലോമീറ്റര്‍ പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

Show More

Related Articles

Close
Close