ഫോണ്‍കെണി:മംഗളം ടിവി ജീവനക്കാരെ അറസ്റ്റ് ചെയ്‌തേക്കും

എ.കെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച ഫോണ്‍കെണി വിവാദത്തില്‍ ചാനലിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ പോലീസ് പരിശോധന നടത്തി. പ്രത്യേക അന്വേഷണ സംഘമാണ് ചാനല്‍ ഓഫീസില്‍ പരിശോധന നടത്തിയത്.

ഉച്ചയ്ക്ക് മൂന്നുമണിക്ക് തുടങ്ങിയ പരിശോധന മണിക്കൂറുകള്‍ നീണ്ടു. ഫോണ്‍സംഭാഷണത്തിന്റെ പൂര്‍ണരൂപം കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. ചാനലിലെ ഓരോ വകുപ്പ് മേധാവികളില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖിക്കുന്നുണ്ട്. ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം നടത്തിയ പ്രാഥമിക തെളിവെടുപ്പിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഇന്നത്തെ പരിശോധന. കേസില്‍ ഒമ്പത് പേരെ പ്രതികളാക്കിയാണ് എഫ്.ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതനുസരിച്ച് പ്രതികളോട് ചോദ്യംചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ആരും ഹാജരായില്ല.

കേസിലെ പ്രതികള്‍ സമര്‍പ്പിച്ച മൂന്നു മുന്‍കൂര്‍ ജാമ്യാപേക്ഷകളിലും വാദം കേള്‍ക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചു. അതുവരെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. ഈ സമയം സര്‍ക്കാരിന് വേണ്ടി ഹാജരായ ഡയറക് ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറസ്റ്റ് ചെയ്യുമോ ഇല്ലയോ എന്ന് പറയാനാകില്ലെന്ന് കോടതിയെ അറിയിച്ചു.

പ്രതികളോട് ചോദ്യംചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ല എന്ന വിവരവും കോടതിയെ ധരിപ്പിച്ചു. രാവിലെ 10 മണിമുതല്‍ എട്ട് മണിവരെ ഐജി അടക്കമുള്ള ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യലിനായി കാത്തിരുന്നെങ്കിലും പ്രതികള്‍ എത്തിയില്ല എന്ന് കേട്ട കോടതി പ്രതികള്‍ നിയമം അനുസരിക്കുന്നില്ല എന്നതിന്റെ തെളിവാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു

Show More

Related Articles

Close
Close