ബാറില്‍ മാത്രമല്ല കോഴിക്കച്ചവടത്തിലും മാണി അഴിമതി കാട്ടിയെന്ന് വിജിലന്‍സ്

ബാര്‍ കോഴ കേസിന്റെ പൊല്ലാപ്പ് തീരും മുമ്പേ കെ.എം മാണിക്കെതിരെ പുതിയ അന്വേഷണവുമായി ജേക്കബ് തോമസ്. ധനമന്ത്രിയായിരിക്കെ കോഴിക്കച്ചവടക്കാര്‍ക്കും ആയുര്‍വേദ മരുന്ന് കമ്പനികള്‍ക്കും അനധികൃതമായി നികുതി ഇളവ് നല്‍കിയെന്ന പരാതിയിലാണ് പുതിയ കുരുക്ക്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് നേതാവ് അഡ്വ. നോബിള്‍ മാത്യു നല്‍കിയ പരാതിയിലാണ് മാണിക്കെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്.

തൃശൂര്‍ കേന്ദ്രീകരിച്ച് അന്യസംസ്ഥാനത്ത് നിന്ന് ഇറച്ചികോഴികളെ എത്തിക്കുന്ന നാല് കോഴി കച്ചവടക്കാര്‍ക്കും തൊടുപുഴ, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ച് ആയുര്‍വേദ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന ചില കമ്പനികള്‍ക്കും നികുതി ഇളവ് നല്‍കിയെന്നാണ് പരാതി.നികുതി ഇളവ് നല്‍കിയത് മൂലം സംസ്ഥാന ഖജനാവിന് 150 കോടി രൂപ നഷ്ടമായെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പരാതിയുമായി ആദ്യം കോട്ടയം വിജിലന്‍സ് കോടതിയെ നോബിള്‍ മാത്യു സമീപിച്ചിരുന്നെങ്കിലും, പരാതിയില്‍പ്പറയുന്ന കമ്പനികള്‍ കോട്ടയം വിജിലന്‍സ് കോടതി പരിധിയില്‍ വരുന്നതല്ലെന്ന കാരണത്താല്‍ ഇത് തള്ളിയിരുന്നു. പിന്നീട് പരാതിക്കാരന്‍ വിജിലന്‍സ് കമ്മീഷണര്‍ക്ക് നേരിട്ട് കൊടുത്ത പരാതിയിലാണ് ഇപ്പോള്‍ ത്വരിത പരിശോധന.

പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിടുകയായിരുന്നു. എറണാകുളം വിജിലന്‍സ് ഡി.വൈ.എസ്പി കഴിഞ്ഞ ദിവസം പരാതിക്കാരന്റെ മൊഴി  മൊഴി രേഖപ്പെടുത്തി.

Show More

Related Articles

Close
Close