സുരക്ഷയില്‍ പാളിച്ചയുണ്ടായിട്ടില്ല :മനോഹര്‍ പരീക്കര്‍

manohar pareekkar
പത്താന്‍കോട്ട് വ്യോമതാവളത്തില്‍ കയറിയ ആറ് ഭീകരരെയും വധിച്ചതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.

വ്യോമതാവളം ആക്രമിച്ച ഭീകരര്‍ ഉപയോഗിച്ചത് പാകിസ്താനില്‍ നിര്‍മിച്ച ആയുധങ്ങളാണെന്നും സൈനികര്‍ ഉപയോഗിക്കുന്ന തരത്തില്‍ മികച്ച നിലവാരമുള്ളവായണ് അവയെന്നും അദ്ദേഹം പറഞ്ഞു. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ മരിച്ച സൈനികരെ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് സമാനമായി കണക്കാക്കും. അവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്നും, എല്ലാ പ്രതിരോധ താവളങ്ങളിലെയും സുരക്ഷ പരിശോധിക്കുമെന്നും പരീക്കര്‍ പറഞ്ഞു. വ്യോമതാവളത്തിലെത്തിയ പ്രതിരോധ മന്ത്രി കര-നാവിക-വ്യോമ സേനാ മേധാവിമാരുമായി കൂടിക്കാഴ്ച്ച നടത്തി.

ഭീകരര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിവസവും തുടരവെ പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ഇന്ന് ഉച്ചയോടെ വീണ്ടും സ്‌ഫോടനമുണ്ടായി. ഗ്രനേഡ് നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് സംശയിക്കുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്നര മുതല്‍ തുടങ്ങിയ സൈനിക നടപടി 80 മണിക്കൂര്‍ പിന്നിടുമ്പോള്‍ ആയിരുന്നു വ്യോമതാവളത്തില്‍ വീണ്ടും സ്‌ഫോടന ശബ്ദം കേട്ടത്. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് സ്‌ഫോടനമുണ്ടായത്.

ഏറ്റുമുട്ടലില്‍ ഇതുവരെ ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു എന്‍.എസ്.ജി കമാന്‍ഡോയുമടക്കം ഏഴ് സൈനികരാണ് വീരമൃത്യു വരിച്ചത്‌. 20 സൈനികര്‍ക്ക് പരിക്കേറ്റു.കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തു നിന്ന് ഗ്രനേഡ് മാറ്റുന്നതിനിടെയായിരുന്നു മലയാളി എന്‍എസ്ജി കമാന്‍ഡോ നിരഞ്ജന്‍ കുമാര്‍ മരിച്ചത്.

പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.തീവ്രവാദികള്‍ തട്ടിയെടുത്തു എന്നു പറയപ്പെടുന്ന കാറിലുണ്ടായിരുന്ന ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്, പാചകക്കാരന്‍ മദന്‍ഗോപാല്‍ എന്നിവരില്‍ നിന്നും എന്തെങ്കിലും സഹായം തീവ്രവാദികള്‍ക്ക് കിട്ടിയിരുന്നോ എന്നതും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. ഇതിനായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഉടന്‍ ഇവരെ ചോദ്യം ചെയ്യും.

തട്ടിയെടുത്ത കാറിലായിരുന്നു വ്യോമതാവളത്തിന് ഒന്നരകിലോമീറ്റര്‍ അടുത്ത് വരെ ഭീകരര്‍ എത്തിയത്. അതേസമയം കാര്‍ തടഞ്ഞുനിര്‍ത്തി തന്റെ കണ്ണുകള്‍ ഭീകരര്‍ കെട്ടിയതിനാല്‍ ഒന്നും കാണാനായില്ലെന്നും, അഞ്ചുപേരോളമുണ്ടായിരുന്ന ഭീകരരുടെ കൈയില്‍ എകെ 47 തോക്കുകള്‍ ഉണ്ടായിരുന്നെന്നും, അവര്‍ ഉറുദുവിലും, ഹിന്ദിയിലും, പഞ്ചാബിയിലുമാണ് സംസാരിച്ചിരുന്നതെന്നുമാണ് എസ്പി സല്‍വീന്ദര്‍ സിങ് പറയുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close