‘മീശ’യ്ക്കെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി !

ന്യൂഡല്‍ഹി: എസ്.ഹരീഷിന്റെ ‘മീശ’ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പുസ്തകം ഒരുഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും പുസ്തകം പൂര്‍ണമായും വായിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. എഴുത്തുകാരന്റെ ഭാവനയേയും സ്വാതന്ത്ര്യത്തേയും ബഹുമാനിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
പുസ്തകത്തിന്റെ ഒരുഭാഗം മാത്രം എടുത്താണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. എഴുത്തുകാരന്റെ ഭാവനയേയും ചിന്താശേഷിയേയും ബഹുമാനിക്കേണ്ടതുണ്ട്. രണ്ടു കഥാ പാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളായിട്ടാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ നോവലില്‍ പറഞ്ഞിരിക്കുന്നത്. അത് എഴുത്തുകാരന്റെ ഭാവന മാത്രമാണ്. അതിനെ ആ രീതിയില്‍ കാണണമെന്നും പറഞ്ഞ കോടതി ഹര്‍ജി തള്ളുകയായിരുന്നു.
ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിക്കുന്നതാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന നോവലിലെ പരാമര്‍ശങ്ങളെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി സ്വദേശി എന്‍.രാധാകൃഷ്ണനാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
കേന്ദ്രസര്‍ക്കാര്‍, കേരള, ഡല്‍ഹി സര്‍ക്കാരുകള്‍, മാതൃഭൂമി എന്നിവയെ എതിര്‍ കക്ഷികളാക്കിയായിരുന്നു ഹര്‍ജി. ആവിഷ്‌കാര സ്വാതന്ത്യത്തെ തടയാനാവില്ലെന്ന് വാദിച്ച കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഹര്‍ജിയെ എതിര്‍ത്തിരുന്നു.
ഈ രാജ്യത്തുള്ള ഭരണഘടനയിലും ജനാധിപത്യ വ്യവസ്ഥയിലുമുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് നോവലിസ്റ്റ് എസ്.ഹരീഷ് പ്രതികരിച്ചു. “എനിക്ക് മാത്രമല്ല കേരളത്തിലെ വളര്‍ന്നുവരുന്ന എഴുത്തുകാര്‍ക്കടക്കം ഈ വിധിയൊരു ഊര്‍ജമാകുമെന്നും വളരെയധികം സന്തോഷമുണ്ടെന്നും” അദ്ദേഹം പറഞ്ഞു.
Show More

Related Articles

Close
Close