പ്രതിരോധ രംഗത്ത് വിയറ്റ്‌നാമിന് ഇന്ത്യയുടെ സഹായ വാഗ്ദാനം

പ്രതിരോധ രംഗത്തെ സഹകരണത്തിനായി വിയറ്റ്‌നാമിന് ഇന്ത്യയുടെ 500 മില്യണ്‍ യുഎസ് ഡോളര്‍ സഹായം വാഗ്ദാനം.

വിയറ്റ്‌നാം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഇതു കൂടാതെ, 12 കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

പ്രതിരോധം, സുരക്ഷ, വ്യാപാരം, എണ്ണ ഖനനം, സോളര്‍ ഊര്‍ജം തുടങ്ങിയ കാര്യങ്ങളില്‍ ഇരു രാജ്യത്തെയും പ്രതിനിധി സംഘം ചര്‍ച്ച നടത്തി. 15 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വിയറ്റ്‌നാം സന്ദര്‍ശിക്കുന്നത്.

അതേസമയം, ദക്ഷിണ ചൈനാക്കടല്‍ വിഷയത്തിലുള്ള തര്‍ക്കത്തിനിടയില്‍ വിയറ്റ്‌നാമിനെ സഹായിക്കാനുള്ള ഇന്ത്യയുടെ തീരുമാനം വരും ദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചയ്ക്കു വഴിയൊരുക്കും.

ദക്ഷിണ ചൈനാക്കടലിനെക്കുറിച്ച് സംസാരിച്ചില്ലെങ്കിലും പ്രാദേശിക വെല്ലുവിളികളില്‍ ശ്രദ്ധയൂന്നിയുള്ള പ്രസംഗമായിരുന്നു മോദിയുടേത്.

ദക്ഷിണ ചൈനാക്കടല്‍ വിഷയത്തില്‍ വിയറ്റ്‌നാം ചൈനയ്‌ക്കെതിരെ പല നീക്കങ്ങളും നടത്തുന്നുണ്ട്. കടലില്‍ ചൈനയ്ക്കു ആധിപത്യം ഉറപ്പിക്കാനാകില്ലെന്ന് ഹേഗിലെ രാജ്യാന്തര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ ജൂലൈയില്‍ ഉത്തരവിട്ടെങ്കിലും അത് അംഗീകരിക്കാന്‍ ചൈന തയാറായിട്ടില്ല.

ട്രൈബ്യൂണലിനെ സമീപിച്ച വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ബ്രൂണെയ്, മലേഷ്യ എന്നിവരെ കടലാസ് പുലികളെന്നും ഷണ്ഡന്മാരെന്നുമാണ് ചൈന വിശേഷിപ്പിച്ചത്.

ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് മുന്‍പ് വിയറ്റ്‌നാം ഭരണാധികാരി ഹോചിമിന്റെ ശവകുടീരത്തിലും രക്തസാക്ഷികളുടെയും സ്മാരകങ്ങള്‍ മോദി സന്ദര്‍ശിക്കുകയും പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തു.

Show More

Related Articles

Close
Close