Trending

തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി പ്രധാനമന്ത്രി

മോദിയെ വെറുത്ത പ്രതിപക്ഷം ഇപ്പോള്‍ രാജ്യത്തെയും വെറുത്ത് തുടങ്ങിയതായി പ്രധാനമന്ത്രി. അതുകൊണ്ടാണ് അവരുടെ നേതാക്കള്‍ വിദേശത്ത് പോയി ഇന്ത്യയെ മോശമായി ചിത്രീകരിച്ച് പത്രസമ്മേളനം നടത്തുന്നത്.  രാജ്യത്തിന് അകത്തും പുറത്തും നുണ പറയുകയാണ് പ്രതിപക്ഷം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തിയുള്ള ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മോദി. തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയ പ്രധാനമന്ത്രി പ്രസംഗത്തിലുടനീളം പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

കേരളം ഓര്‍ക്കുന്നില്ലേ

ഭരണഘടനാ സ്ഥാപനങ്ങളെ മോദി തകര്‍ക്കുന്നുവെന്നാണ് കോണ്‍ഗ്രസ്സിന്റെ  ആരോപണം. 1959ല്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് അവര്‍ ഓര്‍ക്കണം. കേരളത്തില്‍നിന്നുള്ള എംപിമാര്‍ക്കും ഇത് ഓര്‍മയുണ്ടാകും. നിരവധി സര്‍ക്കാരുകളെയാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ജനാധിപത്യ വിരുദ്ധമായി കോണ്‍ഗ്രസ് പിരിച്ചുവിട്ടത്. അവര്‍ ഭരണഘടനാ സ്ഥാപനങ്ങളോടുള്ള എന്ത് ബഹുമാനത്തെയും പവിത്രതയെയും കുറിച്ചാണ് പറയുന്നത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ്സാണ്. കരസേനാ മേധാവിയെ ഗുണ്ടയെന്ന് വിളിച്ച് സൈന്യത്തെ അപമാനിച്ചു. സൈന്യം അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന് മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷനെയും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെയും കുറ്റപ്പെടുത്തുന്നു. കോടതിയെ ഭീഷണിപ്പെടുത്തുന്നു. ഇതൊക്കെ ചെയ്യുന്നവരാണ് മോദിയെ കുറ്റപ്പെടുത്തുന്നത്.

മോദിക്കെതിരെ പ്രതിപക്ഷം രൂപീകരിച്ചത് മഹാസഖ്യമല്ല, മഹാതട്ടിപ്പാണ്. ഭൂരിപക്ഷമുള്ള സര്‍ക്കാരിന് എന്ത് ചെയ്യാനാകുമെന്ന് ജനങ്ങള്‍ കാണുന്നുണ്ട്. തട്ടിപ്പ് സഖ്യം അവര്‍ക്കാവശ്യമില്ല. രണ്ട് ഘട്ടമായാണ് കോണ്‍ഗ്രസ് കാര്യങ്ങളെ സമീപിക്കുന്നത്. ഒന്നും സംഭവിക്കാത്ത കോണ്‍ഗ്രസ്സിന് മുന്‍പുള്ള (ബിസി-ബിഫോര്‍ കോണ്‍ഗ്രസ്) കാലവും നല്ല കാര്യങ്ങള്‍ നടക്കുന്ന കുടുംബഭരണത്തിന് ശേഷമുള്ള (എഡി- ആഫ്റ്റര്‍ ഡൈനാസ്റ്റി) കാലവും.

55 വര്‍ഷത്തേക്കാള്‍ വികസനം 55 മാസത്തില്‍

55 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ ശൗചാലയ സൗകര്യം 38 ശതമാനം മാത്രമായിരുന്നു. 55 മാസം കൊണ്ട് ഈ സര്‍ക്കാര്‍ ഇത് 98 ശതമാനത്തിലെത്തിച്ചു. 12 കോടി പാചകവാതക കണക്ഷനുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. മോദി സര്‍ക്കാര്‍ ഇതുവരെ 13 കോടി നല്‍കിക്കഴിഞ്ഞു. നാലര വര്‍ഷത്തിനുള്ളില്‍ സമ്പദ്‌വ്യവസ്ഥയില്‍ പതിനൊന്നാം സ്ഥാനത്ത് നിന്നും ആറാം സ്ഥാനത്തെത്തി. രാജ്യത്തിന്റെ നേട്ടങ്ങളില്‍ പ്രതിപക്ഷത്തിന് വിഷമമാണ്.

എല്ലാ പ്രതിരോധ ഇടപാടുകളിലും കോണ്‍ഗ്രസ്സിന് ഇടനിലക്കാരുണ്ടായിരുന്നു.  സൈന്യം ശക്തമാകണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നില്ല. അയല്‍രാജ്യങ്ങള്‍ ശക്തി വര്‍ധിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് സൈന്യത്തെ അവഗണിച്ചു. കോണ്‍ഗ്രസ് ഭരണത്തില്‍ നേതാക്കളുടെ സുഹൃത്തുക്കള്‍ക്ക് എത്ര വേണമെങ്കിലും വായ്പ ലഭിക്കുമായിരുന്നു. ബാങ്കിംഗ് സംവിധാനത്തെ ഇത് തകര്‍ത്തു. 9000 കോടി അടക്കാനുള്ളതിന് 13000 കോടി മോദി പിടിച്ചെടുത്തു എന്നൊക്കെ പറഞ്ഞ് രാജ്യം വിട്ടവര്‍ ഇപ്പോള്‍ കരയുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കായികതാരങ്ങള്‍ മെഡല്‍ നേടാന്‍ കഠിനമായ പരിശ്രമം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വത്ത് വര്‍ധിപ്പിക്കുകയാണ് ചെയ്തത്.

Show More

Related Articles

Close
Close