മോദി @ 60

modi @60

സ്വപ്നങ്ങളുടെ മൊത്തക്കച്ചവടക്കാരന്‍ അറുപതാം ദിവസത്തിലേക്ക് !

ആദ്യത്തെ മുപ്പത് ദിനങ്ങളില്‍നിന്നും ഭിന്നമായി അവധിയില്ലാത്ത തുടര്‍ മുപ്പത് ദിനങ്ങള്‍. ശ്രീ.നരേന്ദ്ര മോദി ക്ഷീണിതനായോ? റെയില്‍ ബജറ്റ്, പൊതു ബജറ്റ്, ബ്രിക്സ്… എവിടെയും ഒരു മോദി ടച്ച്‌ ദൃശ്യമായ ദിനങ്ങള്‍. ഇതിനിടയില്‍ വിശ്വസ്തനെ പാര്‍ട്ടി പ്രസിഡന്റ് ആയി അവരോധിച്ചു. ഇറാനില്‍ നിന്നും നഴ്സുമാരെ എത്തിക്കുന്നതിലും PMOനിര്‍ദേശങ്ങള്‍, വിദേശനയത്തിലെ കല്ലുകടിയാവുന്ന ഗാസ പാലായനം, അതിര്‍ത്തിയില്‍ ഇനിയും തുടരുന്ന ലംഘനങ്ങള്‍, ഒടുവില്‍ കട്ജുവിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. തീരുന്നില്ല ഒന്നും. ശ്രീ.നരേന്ദ്ര ദാമോദര്‍ദാസ് മോദിക്ക് വെല്ലുവിളികളാവുന്ന ദിനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.

റെയില്‍വേ, പൊതുബജറ്റ് എന്നിവ ആദ്യം.

ഏതു നിമിഷവും പാലംതെറ്റാമായിരുന്ന റെയില്‍വേയ്ക്ക് ഓക്സിജന്‍ നല്‍കിയ ബജറ്റ് അവതരിപ്പിച്ചാണ് രണ്ടാം മാസം തുടങ്ങിയത്. നിരക്ക് വര്‍ധനയും സ്വകാര്യവത്കരണവും അടങ്ങിയ പ്രഖ്യാപനങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നിശ്ചലമാകാമായിരുന്ന ഇന്ത്യന്‍ റെയില്‍വേയെ അതിന്റെ ട്രാക്കില്‍ തന്നെ നിലനിര്‍ത്തി എന്ന് വിമര്‍ശകര്‍ പോലും ഇപ്പോള്‍ സമ്മതിക്കുന്നു. തന്റെ സ്വപ്നപദ്ധതിയായ ബുള്ളറ്റ്ട്രെയിന്‍ ആദ്യ ബജറ്റില്‍ തന്നെ അവതരിപ്പിച്ച ചങ്കൂറ്റം. സുരക്ഷിതത്വത്തിനും ശുചിത്വത്തിനും പ്രഥമ പരിഗണന. പറച്ചില്‍ മാത്രമല്ല പ്രവര്‍ത്തിയും തന്റെ ശീലമെന്ന്‍ ശ്രീ മോദി തെളിയിക്കുന്നു.

മോദിയുഗത്തിന്റെ വരവറിയിച്ച പൊതുബജറ്റായിരുന്നു പിന്നീട്. സ്വകാര്യപങ്കാളിത്തത്തിനും വിദേശനിക്ഷേപത്തിനും ഊന്നല്‍ നല്‍കിയ പൊതുബജറ്റ് സാധാരണക്കാരന്റെ നല്ല ദിനങ്ങള്‍ മുന്നില്‍ കണ്ടായിരുന്നില്ലേ? ഡോ.തോമസ്‌ ഐസക് അത്ഭുതപ്പെട്ടു! എങ്ങിനെ ധനക്കമ്മി 4.1ശതമാനത്തില്‍ നിര്‍ത്തും? സമ്പാദ്യം പ്രോത്സാഹിപ്പിക്കാന്‍ നികുതി നിര്‍ദ്ദേശങ്ങളില്‍ ഒട്ടേറെ പരിഗണനകളുണ്ട്. ഇത് ശരിയായ ദിശയിലേക്കുള്ള നീക്കമാണ്. എന്ന് ഡോ.ഐസക് തുടര്‍ന്നെഴുതി.

ഡോ.മേരിജോര്‍ജ് കണക്കുകള്‍ നിരത്തി ബജറ്റിനെ വിമര്‍ശിക്കുന്നു. ഇങ്ങനെ പോയാല്‍ ഇന്ത്യയുടെ ഭാവി അശാന്തിയുടെതാണ് എന്നും സമര്‍ഥിക്കുന്നു. വെറുതെയല്ല ഈ ഗവണ്‍മെന്റ് വന്ന നാള്‍ മുതല്‍ സ്ത്രീ സുരക്ഷ മരക്കൊമ്പില്‍ ഊഞ്ഞാലാടാന്‍ തുടങ്ങിയത്. എന്നും കൂട്ടി ചേര്‍ത്തു. മാഡം, മോഡിയെ വിമര്‍ശിക്കുക എന്ന വ്രതം ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ? നല്ലതം കൂടി കാണാനുള്ളതാണ് നമ്മുടെ കണ്ണുകള്‍ എന്ന് തിരിച്ചറിയുവാനുള്ള സമയമായില്ലേ? സ്ത്രീ സുരക്ഷ മരക്കൊമ്പില്‍ ഊഞ്ഞാലാടിയത് താങ്കളുടെ കുഞ്ഞനിയന്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് എന്ന് മറക്കരുത്. വിമര്‍ശിക്കണം ഒപ്പം നല്ലതുണ്ടെങ്കില്‍ അത് കാണാനും, തുറന്നു പറയാനും മടികാട്ടരുത്.

‘ഇത് സ്വാഗതാര്‍ഹമാണ്’, ‘ഈ പദ്ധതി സ്വാഗതം ചെയ്യേണ്ടതാണ്’ (നൈപുണ്യ വികസന പദ്ധതി, കര്‍ഷകര്‍ക്ക് നബാര്‍ഡിലൂടെ വായ്പ) എന്ന് തുറന്നുപറയാന്‍ മനസ്സുകാണിച്ച ശ്രീ.കെ.എം മാണി ബജറ്റ് തന്റെ പ്രതീക്ഷകള്‍ നിഷ്ഫലമാക്കി എന്ന് പറയുന്നതിലെ രാഷ്ട്രീയം മനസ്സിലാക്കാവുന്നതേയുള്ളൂ.

കേരളത്തിനെന്തുണ്ട് ?

ഡോക്ടര്‍ മേരിജോര്‍ജ് പറഞ്ഞത് ആവര്‍ത്തിക്കുന്നു, ” കാര്‍ഷിക മേഖലയുടെ വിലസ്ഥിരതാ ഫണ്ടിനായി കേരളം 1000കോടി ചോദിച്ചു, 500കോടി അനുവദിച്ചു. IITയും AIIMSഉം ചോദിച്ചു, ആദ്യത്തെത് കിട്ടി. കൊച്ചിമെട്രോയെ കൈവിട്ടില്ല. ഇനി വേണ്ടതൊക്കെ പാര്‍ലമെന്റില്‍ ചോദിച്ചുവാങ്ങുക. അത് ലോകസഭാ  പ്രതിനിധികളുടെ പ്രാഗത്ഭ്യം അനുസരിച്ചായിരിക്കും.”

തീര്‍ച്ചയായും ആയിരിക്കും. അതിനല്ലേ നമ്മള്‍ 20പേരെ തിരഞ്ഞെടുത്ത് അയച്ചിരിക്കുന്നത്. UPAയില്‍ എത്ര മന്ത്രിമാരുണ്ടായിരുന്നു മാഡം നമുക്ക്? മറന്നോ അത്! എന്തുകിട്ടി. IIT,2002 മുതല്‍ പറയുന്നതല്ലേ. ഇപ്പോഴല്ലേ വന്നത്. AIIMSഉം വരും. അതിനുള്ള സ്ഥലം കണ്ടെത്തി ഡല്‍ഹിക്ക് പോകണമെന്ന് മാത്രം.

വിദേശ നയതന്ത്രം : ഭൂട്ടാന്‍ മുതല്‍ ബിക്സ് വരെ…

ശ്രീ മോദി തന്റെ ആദ്യ വിദേശയാത്ര ഭൂട്ടാനിലേക്ക് എന്ന് തീരുമാനിച്ചപ്പോള്‍ ചിലരെങ്കിലും അമ്പരുന്നു. വല്യേട്ടന്‍ അനുജന്റെ ഗൃഹം സന്ദര്‍ശിച്ചതുപോലെ നയതന്ത്ര അത്ഭുതങ്ങള്‍ ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ഒരു യാത്ര മാത്രമായിരുന്നു അത്. എന്നാല്‍ ബ്രിക്സ് ഉച്ചകോടി തികച്ചും വ്യത്യസ്തമായി. സ്റ്റോപ്പ്‌ ഓവര്‍ നയതന്ത്രം എന്ന നിലയില്‍ ജര്‍മന്‍ ചാന്‍സിലറെ വിളിക്കുന്ന മോദി ബന്ധങ്ങള്‍ ഇഴചേര്‍ന്നതാണ് യഥാര്‍ത്ഥ നയതന്ത്രമെന്ന് കാണിച്ചുതരുന്നു.

ജൂലായ്‌ 15ന് ഈ അഞ്ചുരാജ്യങ്ങള്‍ (ബ്രസീല്‍,റഷ്യ,ഇന്ത്യ,ചൈന,ദക്ഷിണാഫ്രിക്ക ) ചേര്‍ന്ന് 100ബില്യണ്‍ യു.എസ് ഡോളര്‍ മൂലധനം വരുന്ന ന്യു ഡെവലപ്മെന്റ് ബാങ്ക് ആരംഭിക്കാന്‍ തീരുമാനിച്ചു. വിപ്ലവകരമെന്നു പറയാനാവില്ലെങ്കിലും സുപ്രധാനമാകുന്ന തീരുമാനമായിരുന്നു ഇത്. അമേരിക്കന്‍ സാമ്പത്തിക അധീശത്തിന് വെല്ലുവിളിയാകുന്ന തീരുമാനമായി നിരീക്ഷകര്‍ ഇതിനെ കാണുന്നു. IMFനും ലോകബാങ്കിനും ബദല്‍ സംവിധാനം എന്ന നിലയില്‍ NDB മാറിയേക്കാം. കാരണം ലോക സമ്പത്ഘടനയുടെ 40ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ അഞ്ചുരാജ്യങ്ങളാണ്. ഇന്ത്യക്ക് ആദ്യ പ്രസിഡണ്ട്‌ സ്ഥാനം ലഭിക്കുന്ന ബാങ്കിന്റെ ആസ്ഥാനം ഷാംഘായ് ആയിരിക്കും. തന്റെ മടക്കയാത്രയില്‍ ജര്‍മന്‍ ചാന്‍സിലറിന് ജന്മദിന ആശംസനേരാനും മോദി മറന്നില്ല!

ഇസ്രയേല്‍, ഗാസ, ഹമാസ്… മരണം, പലായനം.

ഇസ്രായേലിന്റെ ഗാസ അക്രമത്തെ അപലപിച്ച് പ്രമേയം പാസാക്കാത്തതിന്റെ പേരില്‍ മോദി സര്‍ക്കാര്‍ കോണ്ഗ്രസ് അടങ്ങുന്ന ചില പ്രതിപക്ഷ കക്ഷികളുടെ വിമര്‍ശനത്തിന് പാത്രമായി. ഇതിന്റെ പേരില്‍ രാജ്യസഭപ്രവര്‍ത്തനം നിരന്തരം തടസ്സപ്പെട്ടു. സര്‍ക്കാരിന്റെ നയം വിദേശകാര്യ മന്ത്രി ശ്രീമതി.സുഷമ സ്വരാജ് വ്യക്തമാക്കി. “We fully support Palestinian cause while maintaining good relations with Israel”

ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ശ്രീ.L.K അദ്വാനി രണ്ടായിരത്തില്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചതും 2006ല്‍ ശ്രീ.മോദി അവിടെയെത്തി “താന്‍ പ്രധാനമന്ത്രിയായാല്‍ വീണ്ടും എത്തും” എന്ന് ഉറപ്പുനല്കിയതും പ്രതിപക്ഷം എടുത്തുകാണിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ ഇസ്രയേല്‍ – പലസ്തീന്‍ നയം ഈ ഗവണ്‍മെന്റ് തുടങ്ങിവെച്ചതല്ല എന്നതാണ് സത്യം. മുന്‍ UPA സര്‍ക്കാരിന്റെ നയം തുടരുകയാണ് മോദി സര്‍ക്കാരും ചെയ്യുന്നത്. അക്രമം എവിടെയായാലും അപലപിക്കപ്പെടണം. അരക്ഷിതരായ അശരണരായ ജനതയാണ് പലപ്പോഴും അക്രമത്തിന്റെ ഇരകളാകുന്നത്. അതിനെ ന്യൂനപക്ഷവോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണുന്നതും അപലപനീയമാണ്. ഇസ്രായേലില്‍ നിന്നും ഇന്ത്യ ആയുധനങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിവെക്കണമെന്നായിരുന്നു സി.പി.എം നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടത്. ശ്രീമതി സുഷമയുടെ മറുപടിയും പ്രസക്തം: “2008 ല്‍ താങ്കളുടെ പാര്‍ട്ടി ഒന്നാം UPA സര്‍കാരിനെ പിന്തുണച്ചപ്പോള്‍, തദവസരത്തില്‍ 1400പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടപ്പോള്‍ എന്തുകൊണ്ടാണ്  ഇത്തരമൊരു ആവശ്യം ഉന്നയിച്ച് നടപ്പില്‍ വരുത്താതിരുന്നത്? ശ്രീ. ഗുലാം നബി ആസാദ് പറഞ്ഞത്, ഇന്ത്യ വെറും കാഴ്ചക്കാരായി നില്‍ക്കുന്നു എന്നാണ്. മറ്റെന്താണ് ഇന്ത്യക്ക് ചെയ്യാന്‍ കഴിയുക? ശ്രീ. മോദി പറഞ്ഞാല്‍ തീരുന്നതാണോ പലസ്തീന്‍- ഇസ്രയേല്‍ പ്രശ്നം? എന്തിനു ഐക്യരാഷ്ട്രസഭപോലും കാഴ്ചക്കാരായി ഇരിക്കുന്നതാണ് നമ്മള്‍ കാണുന്നത്.

ജസ്റ്റിസ് കട്ജുവിന്റെ(വളരെ വൈകിയ) വെളിപ്പെടുത്തലുകള്‍.

അഴിമതി ആരോപണം നേരിട്ട ഒരു ജില്ലാ ജഡ്ജിയെ ഹൈക്കോടതി ജഡ്ജിയാക്കണമെന്ന UPA സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് സുപ്രീംകോടതിയിലെ മൂന്ന്‍ ചീഫ്ജസ്റ്റിസുമാര്‍ വഴങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും ആയാണ് പ്രസ് കൌണ്‍സില്‍ ചെയര്‍മാനും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായ മാര്‍ക്കണ്ടെയ കട്ജു വാര്‍ത്തയില്‍ നിറഞ്ഞത്‌.

ജസ്റ്റിസ് കട്ജുവിനോട്: PMOകുറിപ്പ് വന്ന 2005ജൂണ്‍ 17ന് ഈ വിവരം അറിയുമായിരുന്ന താങ്കള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല?

മറുപടി: (Times Now നോട്) There are certain conditions or judicial discipline that prevents a judge to go into the public domain.

എങ്കില്‍ എന്തുകൊണ്ട് Oct 5, 2011 ന് വിരമിച്ചതിനുശേഷം പ്രതികരിച്ചില്ല?

എന്തുകൊണ്ട് ഇപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നത്?

ചോദ്യങ്ങള്‍ എല്ലാം പ്രസക്തം. അതൊന്നും വിഷയത്തിന്റെ പ്രസക്തി കുറക്കുന്നില്ല. മറുപടി പറയേണ്ടത് മറ്റാരുമല്ല മുന്‍ പ്രധാനമന്ത്രി തന്നെയാണ്. അതിലുപരി ജഡ്ജിമാരുടെ നിയമനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവുന്നുണ്ടോ എന്നാ അമ്പരപ്പിക്കുന്ന വലിയ ചോദ്യം. ജനം ആരെ വിശ്വസിക്കും?

അതിര്‍ത്തിലംഖനം…ഒരു തുടര്‍ക്കഥ.

” മെയ്‌ 26 ,2014 നു ശേഷം 19 വട്ടം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലന്ഖിച്ചു !കഴിഞ്ഞ വര്‍ഷം (2013) 347 ലംഖനങ്ങള്‍ . ഇത്തവണ താരതമ്യേന കുറവ്. (ശ്രീ അരുണ്‍ ജെയ്റ്റ്ലി ,പ്രതിരോധമന്ത്രി)

ഇതായിരുന്നോ ശ്രി മോദി പ്രസംഗിച്ചിരുന്നത് ?പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചപ്പോള്‍ ഒക്കെ ശ്രീ മോദി നിശിത വിമര്‍ശനം നടത്തിയിട്ടില്ലേ?പിന്നെന്തിന്  താരതമ്യം ചെയ്തുള്ള കണക്കുകള്‍. പാക്‌ വെടിവെയ്പ്പ്  പൂര്‍ണമായും നിലക്കണം . അതിനല്ലേ ഇന്ത്യന്‍ ജനത മോഡി സര്‍ക്കാരിനെ അധികാരത്തില്‍ കയറ്റിയത്?

ധന വകുപ്പില്‍ ആവശ്യത്തിലേറെ പണിയുള്ള അരുണ്‍ ജെയ്റ്റ്‌ലിക്കു പകരം പ്രതിരോധ വകുപ്പ്  കൈകാര്യം ചെയ്യാന്‍ NDA യില്‍ മറ്റൊരാളില്ലേ ? ഇത്രയും ബൃഹത്തായ രണ്ടു വകുപ്പുകള്‍ ഒരാള്‍ തന്നെ കൈകാര്യം ചെയ്യുന്നത് അഭിലഷണീയമാണോ?

മോദി ചിരിക്കുന്നു?

എന്തു ചെയ്യാം , കോണ്‍ഗ്രസിന്റെ പ്രശ്നങ്ങള്‍ തീരുന്ന ലക്ഷണം ഇല്ല. അഞ്ചു സംസ്ഥാനങ്ങളില്‍  പാര്‍ട്ടിയുടെ ഉള്ളിലെ പ്രശ്നങ്ങള്‍ മറനീക്കി പുറത്തു വന്നത്. ഇതില്‍ മഹാരാഷ്ട്ര , ഹരിയാന, ജമ്മു-കാശ്മീര്‍ എന്നിവിടങ്ങളില്‍ ഉടന്‍ തിരഞ്ഞെടുപ്പ്  നടക്കുന്നവയാണ്. ചിരിക്കാതെ എന്തു ചെയ്യാന്‍. കാശ്മീരില്‍  നാഷണല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ്‌ സഖ്യം തകര്‍ന്നത് ഇരട്ടി മധുരമായി ബി ജെ പി ക്ക് . ഉത്തര്‍ഖണ്ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 3സീറ്റിലും ബി.ജെ.പി തോറ്റു എന്നത് തകര്‍ച്ചക്കിടയിലും കോണ്‍ഗ്രസ്സിന് ആശ്വാസമാവുന്നു. മോദിക്കുള്ള മുന്നറിയിപ്പും.

മാധ്യമങ്ങളോട് ശ്രീ മോഡിക്ക് പിണക്കം എന്താണ്? ചിലര്‍ ചോദിച്ചു തുടങ്ങി.ബ്രിക്ക്സിനു പോയപ്പോള്‍ കൂടെ കൂട്ടിയില്ല! തിരഞ്ഞെടുപ്പ് സമയം മുഴുവന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ശ്രീ മോഡി ,ഇപ്പോള്‍ അവരെ അകറ്റി നിര്‍ത്തുകയാണോ?തന്ത്രങ്ങളുടെ രാജകുമാരനായ പ്രധാനമന്ത്രി എന്തെങ്കിലും കാണാതെ ഒന്നും ചെയ്യില്ല എന്ന്  മറുജനപക്ഷം!

ബി ജെ പി എംപിമാര്‍ക്ക് അച്ചടക്കം കര്‍ശനം:

പാര്‍ലമെന്റിന്ററി പാര്‍ട്ടി യോഗത്തില്‍ വൈകിയെത്തിയവരെ ശ്രീ വെങ്കയ്യ നായിഡു പരസ്യമായി  ശാസിച്ചു. യോഗത്തിന് നിശ്ചയിച്ച സമയത്തിന് 5 മിനുട്ട് മുമ്പേ തന്നെ പി എം റെഡി!

അതും പോരാഞ്ഞിട്ട് സമ്മേളനം നടക്കുമ്പോള്‍ എല്ലാവരും കൃത്യമായിട്ട്‌ സഭയില്‍ എത്തിയിരിക്കണം ഓര്‍ഡര്‍. ഈ സമയത്ത് ആര്‍ക്കും വിദേശ യാത്രാ അനുമതിയില്ല .

അത് മാത്രമല്ല , മന്ത്രിമാരുടെ പെഴ്സണല്‍ സ്ടാഫിലെ അംഗങ്ങള്‍ക്ക് ആര്‍ എസ് എസ്  വക ട്രെയിനിങ്ങ് ഓഗസ്റ്റ്‌ 25 മുതല്‍ മൂന്നു ദിവസം.

ഇനിയെന്താണോ അടുത്തത് വരുന്നത്?

Straight to PMO…

dear PM Modiji,
You should have rendered apology to the poor cater at the Maharashtra sadan. True, Home minister Mr.Rajnath Singh expressed regret. It is neither your fault nor your party’s. Still you should have done so.
Forget he is a Muslim
Forget the communal politics involved
Consider him as a human being who has every right to live a dignified life.
Let the hate-mongers not play their dirty tricks any more. Beyond party lines and religious differences the people of this country now expects you to live the life of a True Statesman.

വി.രമേശ്‌ കുമാര്‍
(പ്രശസ്ത ധനകാര്യ-മാനേജ്മെന്റ് വിദഗ്ദനും എഴുത്തുകാരനുമാണ് ലേഖകന്‍)
ഈ പംക്തിയേയും ലേഖനത്തേയും കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ലേഖകനുമായി പങ്കുവെക്കാം

rameshkv74@gmail.com

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close