അഴിമതി നടത്തി രാജ്യം വിടല്‍ ഇനി അത്ര എളുപ്പമല്ല

ഉദ്യോഗസ്ഥ തലത്തിലെ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. അഴിമതി കേസുകളില്‍ ആക്ഷേപത്തിന് വിധേയരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിദേശയാത്രകള്‍ ഇതിന്റെ ഭാഗമായി വിലക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കുറ്റവിമുക്തരാകുന്നത് വരെ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇവര്‍ക്ക് അനുവാദം ഉണ്ടാകില്ല.

പാസ്‌പോര്‍ട്ട് അടക്കം കണ്ട് കെട്ടുന്ന ശക്തമായ ശുപാര്‍ശകളാണ് ഇതിനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സില്‍ ഉള്ളത്. നിലവിലുള്ള സേവന വ്യവസ്ഥയുടെ ഭാഗമാക്കി, ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിയ്ക്കും. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി വിരുദ്ധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സുപ്രധാനമായ നടപടി. പാസ്‌പോര്‍ട്ട് ഇല്ലാത്ത ഉദ്യോഗസ്ഥര്‍ പുതുതായി പാസ്‌പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അഴിമതി കേസുകളില്‍ ആക്ഷേപ വിധേയരല്ല എന്ന വിജിലന്‍സിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നതും വ്യവസ്ഥയുടെ ഭാഗമാകും. അഴിമതി ആക്ഷേപ വിധേയരായ ഉദ്യോഗസ്ഥരുടെ അടുത്ത ബന്ധുക്കളുടെ വിദേശയാത്രയും പുതിയ വിജ്ഞാപനം അനുസരിച്ച് നിരിക്ഷണ വിധേയമാകും. രാജ്യത്ത് തട്ടിപ്പ് നടത്തിയ ശേഷം വിദേശത്തേക്ക് കടന്ന് കളഞ്ഞവരെ സഹായിച്ച ഉദ്യോഗസ്ഥര്‍ക്കും പുതിയ നിയമം അനുസരിച്ച് വിദേശയാത്ര സാധ്യമല്ല. കടന്ന് കളഞ്ഞ ആള്‍ തിരികെ രാജ്യത്ത് എത്തുന്നത് വരെയാകും ഇവര്‍ക്ക് വിലക്കുണ്ടാകുക.

Show More

Related Articles

Close
Close