നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസപ്രമേയം ലോക്‌സഭ ഇന്ന് പരിഗണിക്കും

നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസപ്രമേയം ലോക്‌സഭ ഇന്ന് പരിഗണിക്കും. ടിഡിപി അംഗം കെ. ശ്രീനിവാസ് ഇന്ന് രാവിലെ 11ന് അവതരിപ്പിക്കുന്ന പ്രമേയത്തെ പ്രധാന പ്രതിപക്ഷ കക്ഷികള്‍ പിന്തുണയ്ക്കും.  ചര്‍ച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടി തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളുടെ തുടക്കമാക്കാനാണ് ബിജെപി തീരുമാനം. 534 അംഗ സഭയില്‍ 312 അംഗങ്ങളുടെ വ്യക്തമായ മുന്‍തൂക്കം ഭരണകക്ഷിയായ എന്‍ഡിഎയ്ക്കുള്ളതിനാല്‍ അവിശ്വാസം പാസാകാനിടയില്ല. 141 പേരുടെ പിന്തുണയാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്. പതിനഞ്ചുവര്‍ഷങ്ങള്‍ക്കുശേഷമാണ് ലോക്‌സഭ സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം പരിഗണിക്കുന്നത്.

ഇതുവരെ 26 അവിശ്വാസപ്രമേയങ്ങളാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ലോക്‌സഭയിലെ അവിശ്വാസപ്രമേയങ്ങള്‍ക്ക് 55 വര്‍ഷത്തെ ചരിത്രമുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന വോട്ട് ഓഫ് സെന്‍ഷ്വറാണ് ഇന്ത്യന്‍ പാര്‍ലമെന്റ് നടപടിക്രമങ്ങളില്‍ അവിശ്വാസ പ്രമേയമായത്. 1963ലാണ് ആദ്യമായി ലോക്‌സഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. ജവാഹര്‍ലാല്‍ നെഹ്രു സര്‍ക്കാരിനെതിരേ ആചാര്യ കൃപലാനിയാണ് പ്രമേയം കൊണ്ടുവന്നത്. വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നതിനാല്‍ സര്‍ക്കാര്‍ അവിശ്വാസത്തെ നിഷ്പ്രയാസം മറികടന്നു. ഇന്ദിരാഗാന്ധി സര്‍ക്കാരാണ് ഏറ്റവും കൂടുതല്‍ അവിശ്വാസപ്രമേയങ്ങള്‍ നേരിട്ടത്. 15 തവണ പ്രതിപക്ഷം ഇന്ദിര സര്‍ക്കാരിനെ സഭയ്ക്കുള്ളില്‍ നേരിട്ടു.

1979ല്‍ മൊറാര്‍ജി ദേശായിയുടെ കൂട്ടുകക്ഷി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് വൈ.ബി. ചവാന്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. സര്‍ക്കാര്‍ രാജിവെച്ചു. 1990ല്‍ വി.പി. സിങ്, 1997ല്‍ എച്ച്.ഡി. ദേവഗൗഡ 1999ല്‍ എ.ബി. വാജ്‌പേയി എന്നിവര്‍ നയിച്ച സഖ്യസര്‍ക്കാരുകള്‍ അവിശ്വാസപ്രമേയത്തില്‍ വീണു. ഒരു വോട്ടിനാണ് വാജ്‌പേയി സര്‍ക്കാര്‍ വീണത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു പിന്നാലെ നരസിംഹറാവു സര്‍ക്കാരിനെതിരേ 1993ല്‍ പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല. 2003ല്‍ സോണിയാഗാന്ധി വാജ്‌പേയി സര്‍ക്കാരിനെതിരേ കൊണ്ടുവന്ന പ്രമേയമാണ് ഒടുവിലത്തെ അവിശ്വാസപ്രമേയം. വാജ്‌പേയി സര്‍ക്കാര്‍ വിജയിച്ചു.

Show More

Related Articles

Close
Close